ഭാര്യയെ ആക്രമിച്ച കേസിൽ ജയിൽ മോചിതനായി, വീട്ടിൽ എത്തി ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു; യുവാവ് അറസ്റ്റിൽ
അസമിൽ യുവാവ് ഭാര്യയെയും ഭാര്യാപിതാവിനെയും അമ്മായിയമ്മയെയും വെട്ടിക്കൊന്നു. കുടുംബപ്രശ്നങ്ങളെ ചൊല്ലിയുള്ള തർക്കമാണ് കൊലപാതകത്തിൽ കലാശിച്ചതെന്ന് പൊലീസ്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ ശേഷമായിരുന്നു കൊലപാതകം. കൂട്ടക്കൊലയ്ക്ക് ശേഷം പ്രതി കീഴടങ്ങി
ഗോലാഘട്ട് ജില്ലയിൽ തിങ്കളാഴ്ചയാണ് കൂട്ടക്കൊല നടന്നത്. ഭാര്യയെ ആക്രമിക്കാൻ ശ്രമിച്ച കേസിൽ ജയിൽ മോചിതനായ പ്രതി, നഗരത്തിലെ ഹിന്ദി സ്കൂൾ റോഡിനു സമീപത്തെ ഭാര്യയുടെ വീട്ടിലെത്തി. തുടർന്ന് ഭാര്യാപിതാവിനോടും അമ്മായിയമ്മയോടും ഭാര്യയോടും വഴക്കിട്ടു. തർക്കം രൂക്ഷമായതോടെ കൈയിലുണ്ടായിരുന്ന വെട്ടുകത്തികൊണ്ട് മൂവരെയും വെട്ടി.
ആക്രമണത്തിൽ ഭാര്യ സംഘമിത്ര ഘോഷ്, മാതാപിതാക്കളായ സഞ്ജിബ് ഘോഷ്, ജുനു ഘോഷ് എന്നിവർ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. ആക്രമണസമയത്ത് കാസിരംഗ സർവകലാശാലയിലെ വിദ്യാർത്ഥിനിയായ യുവതിയുടെ അനുജത്തി കുടുംബത്തോടൊപ്പം വീഡിയോ കോളിലുണ്ടായിരുന്നു. കൊലപാതകശേഷം പ്രതി ഒമ്പത് മാസം പ്രായമുള്ള മകനുമായി ഗോലാഘട്ട് പൊലീസ് സ്റ്റേഷനിലെത്തി കീഴടങ്ങുകയായിരുന്നു.