Wednesday, April 16, 2025
National

ഒരു വിലയും കല്‍പ്പിക്കുന്നില്ല; യുഎസ് മനുഷ്യാവകാശ റിപ്പോര്‍ട്ട് തള്ളിക്കളഞ്ഞ് ഇന്ത്യ

അമേരിക്കയുടെ മനുഷ്യാവകാശ റിപ്പോര്‍ട്ടിന് മറുപടിയുമായി ഇന്ത്യ. റിപ്പോര്‍ട്ട് പക്ഷപാതപരമാണെന്നും ഇതിന് കേന്ദ്രസര്‍ക്കാര്‍ ഒരു വിലയും നല്‍കുന്നില്ലെന്നും വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.

സംഘര്‍ഷം പൊട്ടിപ്പുറപ്പെട്ടതിനെത്തുടര്‍ന്ന് മണിപ്പൂരില്‍ നടന്ന സംഘര്‍ഷങ്ങള്‍, ബിബിസിയില്‍ നടത്തിയ റെയ്ഡുകള്‍, കാനഡയില്‍ ഖാലിസ്ഥാനി ഭീകരന്‍ ഹര്‍ദീപ് സിംഗ് നിജ്ജാറിനെ കൊലപ്പെടുത്തിയ വിഷയം കൈകാര്യം ചെയ്ത രീതി തുടങ്ങിയ വിഷയങ്ങള്‍ ഉള്‍പ്പെടുത്തിയായിരുന്നു യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ് പുറത്തിറക്കിയ മനുഷ്യാവകാശ റിപ്പോര്‍ട്ട്. ഇന്ത്യയെ കുറിച്ച് തെറ്റായ ധാരണ സൃഷ്ടിക്കുന്നതാണ് യുഎസിന്റെ റിപ്പോര്‍ട്ടെന്നെന്നും ഇതിനൊരു വിലയും നല്‍കരുതെന്നും വിദേശകാര്യ മന്ത്രാലയ വക്താവ് രണ്‍ധീര്‍ ജയ്‌സ്വാള്‍ പറഞ്ഞു.

മണിപ്പൂരില്‍ 170ലധികം പേര്‍ കൊല്ലപ്പെടുകയും 60,000ത്തിലധികം പേര്‍ ഭവനരഹിതരാവുകയും ചെയ്തത് മെയ്‌തേയ്, കുക്കി വിഭാഗങ്ങള്‍ തമ്മിലുള്ള സംഘര്‍ഷത്തെ തുടര്‍ന്നാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടി. ബിബിസിയുടെ ഡല്‍ഹി, മുംബൈ ഓഫീസുകളില്‍ ആദായനികുതി വകുപ്പ് നടത്തിയ പരിശോധനകളും റിപ്പോര്‍ട്ടില്‍ പരാമര്‍ശിച്ചു. 2002 ലെ ഗുജറാത്ത് കലാപത്തെക്കുറിച്ചുള്ള ഡോക്യുമെന്ററി ബിബിസി പുറത്തിറക്കിയതിന് പിന്നാലെയായിരുന്നു റെയ്ഡ്.

റിപ്പോര്‍ട്ട് പുറത്തുവന്നതിന് പിന്നാലെ മനുഷ്യാവകാശ പ്രതിബദ്ധതകള്‍ ഉയര്‍ത്തിപ്പിടിക്കാന്‍ ഇന്ത്യയോട് യുഎസ് ആവശ്യപ്പെട്ടിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *