Thursday, January 9, 2025
National

വിലക്കയറ്റത്തിനിടയിലും ഇന്ത്യ മരുപ്പച്ചയായി നിന്നു; രാജ്യം കാഴ്ചവച്ചത് പല വികസിത രാജ്യങ്ങളേക്കാളും മികച്ച പ്രകടനം; റിപ്പോര്‍ട്ട്

കൊവിഡ് മഹാമാരി, റഷ്യ-യുക്രൈന്‍ യുദ്ധം എന്നിവ മൂലം ജീവിതച്ചെലവുകള്‍ കുത്തനെ ഉയരുമ്പോഴും ചില വികസിത രാജ്യങ്ങളേക്കാള്‍ നന്നായി ഇന്ത്യ വിലക്കയറ്റത്തെ പിടിച്ചുനിര്‍ത്തിയെന്ന് റിപ്പോര്‍ട്ട്. ഇന്ത്യന്‍ സാമ്പത്തിക രംഗത്തെ ബ്രിട്ടണ്‍, ജര്‍മനി തുടങ്ങിയ വികസിത രാജ്യങ്ങളുമായി താരതമ്യം ചെയ്തുകൊണ്ട് എസ്ബിഐ റിസര്‍ച്ച് തയാറാക്കിയ റിപ്പോര്‍ട്ടിലാണ് ഇക്കാര്യമുള്ളത്. വിലക്കയറ്റത്തിന്റേയും അനിശ്ചിതത്വത്തിന്റേയും നാളുകളില്‍ ഇന്ത്യ ഒരു മരുപ്പച്ചയായി നിലകൊണ്ടെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. എസ്ബിഐയുടെ ഗ്രൂപ്പ് ചീഫ് ഇക്കണോമിക് അഡൈ്വസറായ സൗമ്യകാന്തി ഘോഷാണ് റിപ്പോര്‍ട്ട് തയാറാക്കിയത്.

ആഗോള സാമ്പത്തിക സാഹചര്യങ്ങള്‍ ഇന്ത്യയേയും ബാധിച്ചിട്ടുണ്ടെങ്കിലും മൈക്രോമാനേജ്‌മെന്റിന്റെ കാര്യത്തില്‍ ഏറെ പ്രശസ്തിയാര്‍ജിച്ചിട്ടുള്ള ചില രാജ്യങ്ങളേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചതെന്നാണ് വിലയിരുത്തല്‍. ജര്‍മനിയില്‍ ജീവിതച്ചെലവില്‍ 20 ശതമാനം വര്‍ധവുണ്ടായപ്പോള്‍ യുകെയില്‍ ജീവിതച്ചെലവ് പ്രതിസന്ധി കാലത്ത് 23 ശതമാനം വര്‍ധിച്ചു. എന്നാല്‍ ഇന്ത്യയില്‍ 12 ശതമാനം വര്‍ധനവാണ് കുടുംബങ്ങളുടെ ജീവിത ചെലവിലുണ്ടായതെന്ന് എസ്ബിഐ റിസര്‍ച്ച് തയാറാക്കിയ റിപ്പോര്‍ട്ടില്‍ പറയുന്നു. കൂടാതെ, ഭക്ഷ്യവസ്തുക്കളുടെ വിലയുടെ കാര്യത്തില്‍ യുഎസ്, യുകെ, ജര്‍മ്മനി എന്നിവയേക്കാള്‍ മികച്ച പ്രകടനമാണ് ഇന്ത്യ കാഴ്ചവച്ചതെന്നും റിപ്പോര്‍ട്ടിലുണ്ട്.

ലോകത്താകമാനം ഇന്ധന വില കുതിച്ചപ്പോള്‍ ഇന്ത്യയ്ക്ക് ഇന്ധനവിലയും താരതമ്യേനെ മികച്ച രീതിയില്‍ പിടിച്ചുകെട്ടാനായെന്നാണ് റിപ്പോര്‍ട്ട് വിലയിരുത്തുന്നത്. വിലക്കയറ്റത്തിനൊപ്പം വരുമാനവും വര്‍ധിക്കുകയാണെന്നും ഇന്ത്യയുടെ പ്രതിശീര്‍ഷ വരുമാനം കഴിഞ്ഞ എട്ട് വര്‍ഷങ്ങള്‍ കൊണ്ട് 57 ശതമാനം വളര്‍ച്ച പ്രാപിച്ചെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *