Friday, January 10, 2025
National

ഇന്ത്യയില്‍ മനുഷ്യക്കടത്ത് ഗണ്യമായി വര്‍ധിക്കുന്നു; യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്

ഇന്ത്യയില്‍ മനുഷ്യക്കടത്ത് ഗണ്യമായി വര്‍ധിച്ചതായി യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റ്. 2022ലെ ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോര്‍ട്ടിലാണ് യുഎസിന്റെ കണ്ടെത്തല്‍. മനുഷ്യക്കടത്ത് ഇല്ലാതാക്കുന്നതിനുള്ള കുറഞ്ഞ മാനദണ്ഡങ്ങള്‍ പോലും ഇന്ത്യ നടപ്പാക്കുന്നില്ലെന്ന് യുഎസ് ചൂണ്ടിക്കാട്ടുന്നു. രാജ്യത്തെ 22 സംസ്ഥാനങ്ങളില്‍ മനുഷ്യക്കടത്ത് സംബന്ധിച്ച നിരക്ക് 89 ശതമാനമായി തുടരുമ്പോഴും കേസുകളൊന്നും തന്നെ റിപ്പോര്‍ട്ട് ചെയ്യുന്നില്ലെന്ന് യുഎസ് ചൂണ്ടിക്കാട്ടുന്നു.

രാജ്യത്ത് മനുഷ്യക്കടത്ത് ഗണ്യമായി വര്‍ധിച്ചിട്ടും പല കേസുകളിലും സര്‍ക്കാര്‍ ഉദ്യോഗസ്ഥര്‍ക്ക് പോലും പങ്കുണ്ടെന്ന് ആരോപണങ്ങളുയര്‍ന്നിട്ടും അന്വേഷണമോ നടപടിയോ അധികൃതര്‍ കൈക്കൊള്ളുന്നില്ല. മനുഷ്യ കടത്ത് തടയുന്നതിനോ ഇന്ത്യന്‍ ശിക്ഷാനിയമത്തിലെ 370ാം വകുപ്പ് ഭേദഗതി ചെയ്യുന്നതിനോ സര്‍ക്കാര്‍ തയ്യാറാകുന്നില്ല എന്നും ഹ്യൂമന്‍ ട്രാഫിക്കിങ് റിപ്പോര്‍ട്ടിലാണ് യുഎസ് വ്യക്തമാക്കുന്നു.

പല സംസ്ഥാനങ്ങളിലും ഈ കുറ്റകൃത്യം തടയുന്നതിനോ നിയന്ത്രിക്കുന്നതിനോ വേണ്ടത്ര രാഷ്ട്രീയ ഇടപെടല്‍ പോലുമുണ്ടാകുന്നില്ല. 2022ല്‍ 6,622 പേരാണ് ഇന്ത്യയില്‍ മനുഷ്യക്കടത്തിന് ഇരയായതായി തെളിയിക്കപ്പെട്ടിട്ടുള്ളത്. ഔദ്യോഗികമായി സ്ഥിരീകരിക്കപ്പെടാത്ത അറുനൂറിലധികം കേസുകളുമുണ്ട്. 2019ല്‍ ഇത് യഥാക്രമം 5,145ഉം 2505മായിരുന്നു.

2020ല്‍ ഇന്ത്യയില്‍ നിന്ന് തൊഴില്‍ കടത്തിനായി ദുരുപയോഗം ചെയ്തത് 5156 പേരെയാണ്. ഇതില്‍ 1466 പേരെ കടത്തിയത് ലൈംഗികാവശ്യങ്ങള്‍ക്കാണ്. എന്നാല്‍ സര്‍ക്കാര്‍ റിപ്പോര്‍ട്ടില്‍ പല കണക്കുകളുമില്ല. 2020ല്‍ തൊഴില്‍ കടത്തില്‍ ഇരയായ 5,156 പേരെ സര്‍ക്കാര്‍ തിരിച്ചറിഞ്ഞ് റിപ്പോര്‍ട്ടുകളില്‍ രേഖപ്പെടുത്തി. 1976 മുതല്‍ ഏകദേശം 8 ദശലക്ഷം ഇന്ത്യക്കാര്‍ ബോണ്ടഡ് ലേബറില്‍ ഉള്‍പ്പെട്ടിട്ടുണ്ടെന്ന് കണക്കാക്കപ്പെടുന്നുണ്ടെങ്കിലും 3,13,962 പേരെ മാത്രമാണ് സര്‍ക്കാര്‍ കണ്ടെത്തി രക്ഷപ്പെടുത്തിയതെന്ന് തൊഴില്‍ മന്ത്രാലയത്തിന്റെ വാര്‍ഷിക റിപ്പോര്‍ട്ട് ഉദ്ധരിച്ച് യുഎസ് സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റ് റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു.

Leave a Reply

Your email address will not be published. Required fields are marked *