Thursday, January 23, 2025
Kerala

വോട്ട് ചെയ്യാൻ ഓരോ വീടിനും അഞ്ഞൂറ് രൂപ നൽകി ബിജെപി; ആറ്റിങ്ങലിൽ സ്ലിപ്പ് വിതരണത്തിനിടെ പണം നൽകി യുഡിഎഫ്

പോളിംഗിന്റെ തലേദിവസം സംസ്ഥാനത്ത് പണം കൊടുത്ത് വോട്ടുപിടിക്കാൻ ശ്രമമെന്ന് വ്യാപക പരാതി. ആറ്റിങ്ങലിൽ സ്ലിപ്പ് വിതരണത്തിനിടെ യുഡിഎഫ് പ്രവർത്തകർ പണം നൽകിയെന്ന് പരാതി.

ആറ്റിങ്ങൽ നഗരൂരിലാണ് സ്ലിപ്പ് വിതരണത്തിനിടെ യുഡിഎഫ് പ്രവർത്തകർ പണം നൽകിയെന്ന ആക്ഷേപം ഉയർന്നത്. പരാതിയെ തുടർന്ന് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പരിശോധനയിൽ സംശയാസ്പദമായ രീതിയിൽ യുഡിഎഫ് പ്രവർത്തകരിൽ നിന്നും 5000 രൂപ കണ്ടെത്തി. സീരിയൽ നമ്പർ രേഖപ്പെടുത്തിയ ശേഷം പണം തിരികെ നൽകാൻ ശ്രമിച്ച ഉദ്യോഗസ്ഥർക്കെതിരെ സിപിഎം പ്രവർത്തകർ പ്രതിഷേധിച്ചു.

തൃശൂർ ഒളരിയിലെ ശിവരാമപുരം കോളനിയിലാണ് വീടുകളിൽ അഞ്ഞൂറ് രൂപ വീതം വിതരണം ചെയ്‌തെന്ന പരാതി ഉയർന്നത്. ബിജെപിക്ക് വോട്ടുചെയ്യാനാണ് ഓരോ വീടിനും അഞ്ഞൂറ് വീതം പണം എത്തിച്ചത്.

വടകരയിൽ യുഡിഎഫ് വർഗീയ പ്രചരണം നടത്തുന്നതായി എൽഡിഎഫ് തെരഞ്ഞെടുപ്പ് കമ്മീഷന് പരാതി നൽകി. കാഫിറായ സ്ത്രീ സ്ഥാനാർത്ഥി ‘എന്നെഴുതിയ വാട്‌സ്ആപ്പ് സ്‌ക്രീൻ ഷോട്ടുകൾ സഹിതമാണ് എൽ.ഡി.എഫ്. പരാതി നൽകിയത്. അതിനിടെ വടകരയിൽ വിദ്വേഷ പ്രചാരണത്തിന് അന്വേഷണം നേരിടുന്ന ഉദ്യോഗസ്ഥന് തെരഞ്ഞെടുപ്പ് ചുമതല നൽകിയതിനെതിരെ യുഡിഎഫ് രംഗത്തെത്തി. മീഞ്ചന്ത ആർട്‌സ് കോളജിലെ അസോസിയേറ്റ് പ്രൊഫസർ അബ്ദുൽ റിയാസിനെ തെരഞ്ഞെടുപ്പ് ചുമതലയിൽ നീക്കണമെന്ന് ആവശ്യപ്പെട്ട് യുഡിഎഫ് കളക്റ്റർക്ക് പരാതി നൽകി.

Leave a Reply

Your email address will not be published. Required fields are marked *