നാഗാലാന്‍ഡിലും മേഘാലയയിലും കലാശക്കൊട്ട്; പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്ന മേഘാലയ, നാഗാലാൻഡ് സംസ്ഥാനങ്ങളിലെ പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. അറുപതംഗ മേഘാലയ നിയമസഭയിലേക്ക് എന്‍.പി.പി, ബി.ജെ.പി, തൃണമൂല്‍ കോണ്‍ഗ്രസ്, കോൺഗ്രസ് എന്നീ പാർട്ടികളാണ് മത്സരരംഗത്തുള്ളത്. പല മണ്ഡലങ്ങളിലും ചതുഷ്‌കോണ മത്സരത്തിന്‍റെ വീറും വാശിയും പ്രകടമാണ്. അധികാരം പങ്കിട്ട എന്‍.പി.പിയും ബി.ജെ.പിയും പരസ്പരം മത്സരിക്കുകയാണെങ്കിലും ഇരുപാർട്ടികളും തെരഞ്ഞെടുപ്പിനുശേഷം സഖ്യം ചേരാനും സാധ്യതയുണ്ട്.
കോൺഗ്രസിന്‍റെ 12 എം.എല്‍.എമാർ തൃണമൂൽ കോൺഗ്രസിൽ ചേർന്നതോടെ സംസ്ഥാന നിയമസഭയിലെ പ്രധാന പ്രതിപക്ഷ പാര്‍ട്ടിയായി തൃണമൂൽ കോൺഗ്രസ് മാറിയിട്ടുണ്ട്. തൃണമൂൽ സ്ഥാനാർത്ഥികൾ പല മണ്ഡലങ്ങളിലും കോൺഗ്രസിന് വലിയ വെല്ലുവിളിയാണുയർത്തുന്നത്.
വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ പ്രചാരണത്തിനെത്തിയ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉൾപ്പെടെയുള്ള ബി.ജെ.പി നേതാക്കൾ പ്രതിപക്ഷത്തെ കടന്നാക്രമിച്ചിരുന്നു. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിൽ എന്നപോലെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് കടത്തിക്കൊണ്ടുപോയെന്ന് നാഗാലാൻഡ് തെരഞ്ഞെടുപ്പ് റാലിയിൽ സംസാരിക്കവെ മോദി വിമർശിച്ചിരുന്നു. ബിജെപിയുടെ കാലത്ത് ഒരു പൈസ പോലും പുറത്തു പോയില്ല. വടക്ക് കിഴക്കൻ സംസ്ഥാനങ്ങൾ ബിജെപിക്ക് അഷ്ട ലക്ഷമിയെ പോലെയാണ്. വടക്കൻ സംസ്ഥാനങ്ങളോട് മുൻപുണ്ടായിരുന്ന കാഴ്ചപ്പാട് തന്നെ ബിജെപിയുടെ കാലത്ത് മാറിയെന്നും മോദി കൂട്ടിച്ചേർത്തു.
പരസ്യപ്രചാരണത്തിന്‍റെ അവസാനദിവസവും കൂടുതൽ നേതാക്കളെ ബി.ജെ.പി ഇറക്കിയേക്കും . സംസ്ഥാനങ്ങളിൽ പ്രത്യേക സൈനിക അധികാര നിയമം പിൻവലിക്കുമെന്ന് ഉൾപ്പെടെയുള്ള വാഗ്ദാനങ്ങളും ബി.ജെ.പി മുന്നോട്ടുവച്ചിട്ടുണ്ട്.