വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം ഡൽഹിയിലേക്ക് കടത്തി; കോൺഗ്രസിനെ കടന്നാക്രമിച്ച് പ്രധാനമന്ത്രി;
നാഗാലാൻഡ് തെരഞ്ഞെടുപ്പ് പ്രചാരണത്തിൽ കോൺഗ്രസിനെ കടന്നക്രമിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ കോൺഗ്രസ് പണം ഡൽഹിക്ക് കടത്തിയതായി അദ്ദേഹം ആരോപിച്ചു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് നാഗാലാൻഡ് തെരഞ്ഞെടുപ്പ് പ്രചാരണ റാലിയിൽ പങ്കെടുക്കവെയാണ് വിമർശനം. മേഘാലയയിലെ തിരഞ്ഞെടുപ്പ് റാലിയിലും പ്രധാനമന്ത്രി പങ്കെടുക്കും.
പ്രചാരണം അവസാന ലാപ്പിൽ എത്തിനിൽക്കേയാണ് പ്രധാനമന്ത്രി നാഗാലാൻഡിൽ എത്തിയത്. ദിമാപൂരിൽ നടന്ന പൊതുസമ്മേളനത്തിൽ കോൺഗ്രസ് ദേശീയ നേതൃത്വത്തെ ഉന്നമിട്ടായിരുന്നു അദ്ദേഹത്തിന്റെ വിമർശനം. വടക്ക് കിഴക്കൻ സംസ്ഥാനങ്ങളിലെ പണം എടിഎമ്മിൽ എന്നപോലെ കോൺഗ്രസ് നേതാക്കൾ ഡൽഹിയിലേക്ക് കടത്തി. കോൺഗ്രസിന്റെ കാലത്തെ അഴിമതി ഇല്ലാതാക്കാൻ ബിജെപിക്ക് കഴിഞ്ഞുവെന്നും പ്രധാനമന്ത്രി ആരോപണം ഉന്നയിച്ചു.
വടക്ക് കിഴക്കൻ സംസ്ഥാനങ്ങളെ അഷ്ടലക്ഷ്മിയോട് ഉപമിച്ച പ്രധാനമന്ത്രി സമാധാനം, പുരോഗതി, സമൃദ്ധി എന്നിവയാണ് ബിജെപി മുന്നോട്ടുവയ്ക്കുന്ന മുദ്രാവാക്യം എന്നും കൂട്ടിചേർത്തു. മേഘാലയിൽ വെസ്റ്റ് ഘാരോയിലെ ബിസിസിഐ സ്റ്റേഡിയത്തിലാണ് പ്രധാനമന്ത്രിയുടെ റാലി. പി.എ. സാങ്മ സ്റ്റേഡിയത്തിൽ നടത്താനിരുന്ന പ്രധാനമന്ത്രിയുടെ റാലിക്ക് സ്റ്റേഡിയം നിഷേധിച്ച സർക്കാർ നടപടി വിവാദത്തിൽ ആയിരുന്നു. സ്റ്റേഡിയം നിഷേധിച്ചതിനു പിന്നാലെ സർക്കാരിനെതിരെ വിമർശനവുമായി ബിജെപി രംഗത്തുണ്ട്. സെപ്റ്റംബർ 27 തിങ്കളാഴ്ചയാണ് നാഗാലാൻഡ്, മേഘാലയ സംസ്ഥാനങ്ങളിലെ വോട്ടെടുപ്പ്.