Saturday, October 19, 2024
National

ഹിമാചൽ പ്രദേശില്‍ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും; അമിത് ഷായും പ്രിയങ്കാ ഗാന്ധിയും എത്തും

ഹിമാചൽ പ്രദേശ് തെരഞ്ഞെടുപ്പിന്‍റെ പരസ്യ പ്രചാരണം ഇന്ന് അവസാനിക്കും. അവസാന ദിവസത്തെ പ്രചാരണം കൊഴിപ്പിക്കാനായി കേന്ദ്രആഭ്യന്തരമന്ത്രി അമിത് ഷായും കോൺഗ്രസ് നേതാവ് പ്രിയങ്ക ഗാന്ധിയും ഇന്ന് സംസ്ഥാനത്ത് എത്തും.ഹിമാചൽ പ്രദേശിലേത് ഇഞ്ചോടിഞ്ച് പോരാട്ടമാകുമെന്നാണ് പുറത്തുവന്ന സർവേ ഫലങ്ങൾ സൂചിപ്പിക്കുന്നത്.

അവസാന ദിനത്തിലും വാശിയേറിയ പ്രചാരണവുമായാണ് പാർട്ടികൾ മത്സര രംഗത്തുള്ളത്. നവംബര്‍ 12നാണ് 68 മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പ്. തുടർഭരണം ലക്ഷ്യം വെയ്ക്കുന്ന ബി.ജെ.പിക്ക് വേണ്ടി പ്രധാനമന്ത്രി നരേന്ദ്ര മോദി തന്നെയാണ് പ്രചാരണത്തിന് ചുക്കാൻ പിടിക്കുന്നത്. ബി.ജെ.പി അധ്യക്ഷൻ ജെ.പി നദ്ദ, അനുരാഗ് താക്കൂർ ഉൾപ്പെടെയുള്ള നേതാക്കൾ പ്രചാരണ രംഗത്തുണ്ട്.

രാഹുൽ ഗാന്ധിയുടെ അഭാവം ചർച്ച ചെയ്യപ്പെട്ടെങ്കിലും അത് പ്രചാരണത്തെ ബാധിക്കാതിരിക്കാൻ കോണ്‍ഗ്രസ് ശ്രമിക്കുന്നു. ഷിംലയിലാണ് പ്രിയങ്ക ഗാന്ധിയുടെ ഇന്നത്തെ പ്രചാരണം. മുഴുവൻ സമയ പ്രചാരണത്തിനില്ലെങ്കിലും കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജ്ജുൻ ഖാർഗെ ഉൾപ്പെടെയുള്ളവരും കാര്യങ്ങൾ വിലയിരുത്തുന്നുണ്ട്. അതേസമയം സി.പി.ഐ. എം മത്സരിക്കുന്ന 11 മണ്ഡലങ്ങളിലും വാശിയേറിയ പ്രചാരണമാണ് നടക്കുന്നത്. ആം ആദ്മി പാർട്ടിയും സജീവമായി രംഗത്തുണ്ട്.

Leave a Reply

Your email address will not be published.