യുപി ഒന്നാംഘട്ട തെരഞ്ഞെടുപ്പ്: പരസ്യപ്രചാരണം ഇന്ന് അവസാനിക്കും
ഉത്തർപ്രദേശിലെ ഒന്നാം ഘട്ട തെരഞ്ഞെടുപ്പിനുള്ള പരസ്യപ്രചാരണം ഇന്ന് അവസാനിക്കും. 11 ജില്ലകളിലെ 58 മണ്ഡലങ്ങളിലേക്കാണ് ഫെബ്രുവരി പത്തിന് തെരഞ്ഞെടുപ്പ് നടക്കുന്നത്. 615 സ്ഥാനാർഥികളാണ് ആദ്യഘട്ടം മത്സര രംഗത്തുള്ളത്. അവസാന ദിനം പരമാവധി ആളുകളെ കണ്ട് വോട്ടുറപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് സ്ഥാനാർഥികളും രാഷ്ട്രീയ പാർട്ടികളും
പ്രധാനമന്ത്രി നരേന്ദ്രമോദി ഇന്ന് വെർച്വൽ റാലിയിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്യും. ബിജ്‌നോറിൽ ഇന്നലെ നിശ്ചയിച്ചിരുന്ന തെരഞ്ഞെടുപ്പ് റാലിയിൽ പ്രധാനമന്ത്രി പങ്കെടുത്തിരുന്നില്ല. മോശം കാലാവസ്ഥ കാരണം മോദി യാത്ര മാറ്റിവെക്കുകയായിരുന്നു. തുടർന്ന് വെർച്വൽ റാലിയിലൂടെ വോട്ടർമാരെ അഭിസംബോധന ചെയ്ത മോദി യുപിയിൽ യോഗി ആദിത്യനാഥ് തന്നെ വീണ്ടും ഭരണത്തിലെത്തുമെന്നും അവകാശപ്പെട്ടു
പ്രതിപക്ഷ പാർട്ടികളും അവസാന ദിനം പ്രചാരണത്തിൽ ശക്തമാകും. പടിഞ്ഞാറൻ യുപി മണ്ഡലങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പിൽ ജാട്ട് വോട്ടുകളും നിർണായകമാണ്. കഴിഞ്ഞ തവണ ബിജെപി ശക്തമായ പ്രകടനമാണ് പടിഞ്ഞാറൻ യുപിയിൽ കാഴ്ച വെച്ചത്. അതേസമയം കർഷക പ്രക്ഷോഭങ്ങളും ലഖിംപുർ ഖേരി കൂട്ടക്കൊലപാതകവുമെല്ലാം ബിജെപിക്ക് തിരിച്ചടി ലഭിച്ചേക്കാവുന്ന ഘടകങ്ങളാണ്
ഫെബ്രുവരി 14നാണ് രണ്ടാം ഘട്ട തെരഞ്ഞെടുപ്പ് നടക്കുന്നത്. ഫെബ്രുവരി 20ന് മൂന്നും, ഫെബ്രുവരി 23ന് നാലും 27, മാർച്ച്, 3, മാർച്ച് 7 തീയതികളിൽ അഞ്ചും ആറും ഏഴും ഘട്ടങ്ങളും നടക്കും. തുടർ ഭരണം ലക്ഷ്യമിട്ടാണ് യോഗി ആദിത്യനാഥിന് കീഴിൽ ബിജെപി തെരഞ്ഞെടുപ്പിനെ നേരിടാനൊരുങ്ങുന്നത്. അതേസമയം ശക്തമായ ഭരണവിരുദ്ധ വികാരം തങ്ങൾക്ക് അനുകൂലമാകുമെന്ന പ്രതീക്ഷയിലാണ് സമാജ് വാദി പാർട്ടി. പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിലാണ് കോൺഗ്രസ് സംസ്ഥാനത്ത് തെരഞ്ഞെടുപ്പ് പോരാട്ടത്തിനിറങ്ങുന്നത്. മായാവതിയുടെ ബി എസ് പിയും ശക്തമായി തന്നെ രംഗത്തുണ്ട്.