Monday, January 6, 2025
National

നിതീഷ് കുമാര്‍ രാജിവയ്ക്കുന്നു; ഗവര്‍ണറുമായി ഉടന്‍ കൂടിക്കാഴ്ച

 

ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ ഉടന്‍ രാജി വയ്ക്കും. ഗവര്‍ണറെ കാണാന്‍ നിതീഷ് കുമാര്‍ കൂടുതല്‍ സമയം ആവശ്യപ്പെട്ടിരിക്കുകയാണ്. 12.30ന് ഗവര്‍ണറെ കാണാനാണ് നിതീഷ് കുമാര്‍ തീരുമാനിച്ചിരിക്കുന്നത്.

ബിഹാറിലെ എന്‍ഡിഎ സഖ്യത്തിലെ ഉലച്ചിലിന്റെ ഭാഗമായാണ് നിതീഷ് കുമാര്‍ രാജി വയ്ക്കുന്നത്. ജെഡിയു എന്‍ഡിഎയില്‍ നിന്ന് പുറത്തുപോകേണ്ടത് കാലഘട്ടത്തിന്റെ അനിവാര്യതയാണെന്ന് നിതീഷ് കുമാറാണ് എംഎല്‍എമാരെ അറിയിച്ചിരുന്നത്. 2024ലെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ ബിജെപിയുമായി ചേര്‍ന്ന് മുന്നോട്ടുപോയാല്‍ ബിഹാറിലെ ജനങ്ങള്‍ തങ്ങളെ തള്ളിക്കളഞ്ഞേക്കുമെന്ന് ഭയക്കുന്നതായി നിതീഷ് കുമാര്‍ അറിയിച്ചിരുന്നു. ജാതി സെന്‍സന്‍ ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ബിജെപിക്കെതിരെ നിതീഷ് നിലപാട് കടുപ്പിച്ചിരുന്നത്.

ബിജെപിക്ക് 16 മന്ത്രിമാരാണ് നിതീഷ് കുമാര്‍ മന്ത്രിസഭയിലുള്ളത്. ബിജെപി നേതാക്കള്‍ ഇപ്പോള്‍ പാട്‌നയിലെത്തിയിട്ടുണ്ടെന്നാണ് വിവരം. 16 മന്ത്രിമാരും ഉടന്‍ രാജിവയ്ക്കുമെന്നും റിപ്പോര്‍ട്ടുകളുണ്ട്. ഇന്ന് രാവിലെ തന്നെ ബിജെപി നേതൃത്വം നിതീഷ് കുമാറുമായി ചര്‍ച്ച നടത്താനെത്തിയിരുന്നു. എന്നാല്‍ ഈ അനുനയനീക്കങ്ങളെല്ലാം പാളുകയായിരുന്നു.

ഏതാനും മാസങ്ങളായി ബിജെപിയും ജെഡിയുവും തമ്മില്‍ വലിയ അകല്‍ച്ചയാണ് നിലനില്‍ക്കുന്നത്. പ്രത്യേകിച്ച് അഗ്‌നിപഥ് ഉള്‍പ്പെടെയുള്ള വിഷയങ്ങള്‍ ഇരു വിഭാഗങ്ങള്‍ക്കുമിടയില്‍ അകല്‍ച്ച സൃഷ്ടിച്ചിരുന്നു. കൂടാതെ സ്പീക്കറെ മാറ്റണമെന്ന് നിതീഷ് കുമാര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും അതിന് ബിജെപി വഴങ്ങിയിരുന്നില്ല. ഇതും നിതീഷ് കുമാറിനെ ചൊടിപ്പിച്ചുവെന്നാണ് റിപ്പോര്‍ട്ടുകള്‍.
 

Leave a Reply

Your email address will not be published. Required fields are marked *