സിനിമാ പ്രദർശനത്തിനിടെ പ്രഭാസ് ആരാധകർ പടക്കം പൊട്ടിച്ചു; തീയറ്ററിൽ തീപിടുത്തം
സിനിമാ പ്രദർശനത്തിനിടെ തീയറ്ററിൽ തീപിടുത്തം. ആന്ധ്ര കിഴക്കൻ ഗോദാവരി ജില്ലയിൽ താഡപള്ളിഗുഡെത്തെ വെങ്കടരമണ തീയറ്ററിലാണ് പ്രഭാസ് ആരാകധകരുടെ അതിരുവിട്ട ആവേശപ്രകടനത്തിൽ തീപിടിച്ചത്. പ്രഭാസ് നായകനായ ബില്ല എന്ന ചിത്രത്തിൻ്റെ പ്രദർശനത്തിനിടെ ആരാധകർ തീയറ്റർ സ്ക്രീനു മുന്നിൽ പടക്കം പൊട്ടിച്ചു. ഇതിൽ നിന്നുള്ള തീയാണ് ആളിപ്പടർന്നത്. സംഭവത്തിൽ ആളപായമില്ല.
പ്രഭാസിന്റെ ജന്മദിനത്തോടനുബന്ധിച്ചാണ് താരം മുഖ്യവേഷത്തിലെത്തിയ ബില്ല റീ റിലീസ് ചെയ്തത്. നായകന്റെ മാസ് രംഗം വന്നപ്പോൾ ആവേശം അലതല്ലിയ ആരാധകർ സ്ക്രീനിനു മുന്നിൽ പടക്കം പൊട്ടിക്കുകയായിരുന്നു. പടക്കത്തിൽ നിന്നുള്ള തീ ആളിപ്പടരുകയും സീറ്റുകളിലേക്കടക്കം ഗം തീ പടർന്നുപിടിക്കുകയും ചെയ്തു. ഇതോടെ തീയറ്ററിലുണ്ടായിരുന്നവർ ഓടി രക്ഷപ്പെട്ടു. തീയറ്റർ ജീവനക്കാർ തന്നെയാണ് തീ അണച്ചത്.
സംവിധായകൻ രാം ഗോപാൽ വർമ ഈ ദൃശ്യങ്ങൾ തൻ്റെ ട്വിറ്റർ ഹാൻഡിലിൽ പങ്കുവച്ചു. ഇത് ദീപാവലി ആഘോഷമല്ലെന്നും പ്രഭാസ് ആരാധകരുടെ ഭ്രാന്താണെന്നും അദ്ദേഹം കുറിച്ചു.
പ്രഭാസും അനുഷ്ക ഷെട്ടിയും ഒന്നിച്ച്, 2009-ൽ റിലീസ് ചെയ്ത ചിത്രമാണ് ‘ബില്ല’.