‘മരട് 357’ ഇന്ന് കോടതിയിൽ പ്രദർശിപ്പിക്കും
മരട് ഫ്ളാറ്റ് പൊളിക്കൽ പശ്ചാത്തലമാക്കി ഒരുക്കിയ മരട് 357 സിനിമ ഇന്ന് കോടതിയിൽ പ്രദർശിപ്പിക്കും. പൊളിച്ചു മാറ്റിയ ഫ്ളാറ്റുകളുടെ നിർമ്മാതാക്കൾ നൽകിയ ഹർജിയെ തുടർന്ന് സിനിമയുടെ റിലീസ് കോടതി താൽക്കാലികമായി സ്റ്റേ ചെയ്തിരുന്നു. സിനിമ പ്രദർശിപ്പിക്കുവാൻ അനുമതി നൽകണമെന്നാവശ്യപ്പെട്ട് നിർമ്മാതാക്കൾ വീണ്ടും കോടതിയെ സമീപിച്ച സാഹചര്യത്തിലാണ് സിനിമ കണ്ടതിന് ശേഷം റിലീസ് സംബന്ധിച്ച് വിധി പറയാമെന്ന് എറണാകുളം മുൻസിഫ് കോടതി തിങ്കളാഴ്ച അറിയിച്ചത്.
കോടതിയുടെ പരിഗണനയിലിരിക്കുന്ന മരട് കേസിന്റെ വിചാരണയെ സിനിമ ബാധിക്കുമെന്നാണ് ഫ്ളാറ്റ് നിർമ്മാതാക്കളുടെ വാദം. ചിത്രത്തിന്റെ ട്രെയിലറോ ഭാഗങ്ങളോ പുറത്തു വിടരുതെന്നും കോടതിയുടെ ഉത്തരവിലുണ്ട്. ഫെബ്രുവരി 19ന് ആയിരുന്നു സിനിമ റിലീസ് ചെയ്യാനിരുന്നത്. അതേസമയം, സിനിമ തകർക്കാൻ ശ്രമിക്കുന്ന ചില ആളുകളുടെ ഗൂഢശ്രമമാണ് ഈ നീക്കങ്ങൾക്കു പിന്നിലെന്ന് സംവിധായകൻ കണ്ണൻ താമരക്കുളം ആരോപിച്ചു.