Saturday, October 19, 2024
National

പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡ്; അമിത് ഷായ്ക്ക് എൻഐഎ ഉടൻ റിപ്പോർട്ട് സമർപ്പിക്കും

പോപ്പുലർ ഫ്രണ്ടിനെതിരായ റെയ്ഡിൽ, എൻഐഎ ആഭ്യന്തര മന്ത്രി അമിത് ഷായ്ക്ക് ഉടൻ റിപ്പോർട്ട് സമർപ്പിക്കും. പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണം എന്ന് റിപ്പോർട്ടിൽ ആവശ്യപ്പെടും എന്നാണ് സൂചന.

അറസ്റ്റിലായവരെ ചോദ്യം ചെയ്തതിൽ നിന്നും ലഭിച്ച വിവരങ്ങൾ അടക്കം ഉൾപ്പെടുത്തിയാകും റിപ്പോർട്ട്.അറസ്റ്റിലുള്ള വരുടെ മൊഴികളുടെ അടിസ്ഥാനത്തിൽ കൂടുതൽ അറസ്റ്റ് ഉടൻ ഉണ്ടായേക്കും എന്നാണ് എൻഐഎ കേന്ദ്രങ്ങളിൽ നിന്നും ലഭിക്കുന്ന വിവരം. റെയ്ഡിന്റെ പശ്ചാത്തലത്തിൽ പോപ്പുലർ ഫ്രണ്ടിനെ നിരോധിക്കണമെന്ന് അസം മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശർമ ആവശ്യപ്പെട്ടു. അസം സർക്കാർ കേന്ദ്ര ആഭ്യന്തര മന്ത്രാലയത്തോട് നേരത്തെയും ഈ ആവശ്യം ഉന്നയിച്ചിരുന്നു.

അതേസമയം, പോപ്പുലർ ഫ്രണ്ട് സംസ്ഥാനത്ത് ആഹ്വാനം ചെയ്ത ഹർത്താലിൽ വ്യാപക അക്രമമാണ് ഇന്നലെ റിപ്പോർട്ട് ചെയ്തത്. കെ.എസ്.ആർ.ടി.സി ബസുകൾ എറിഞ്ഞു തകർത്തു. കൊല്ലത്ത് ബൈക്കിലെത്തിയ ഹർത്താലനുകൂലികൾ പൊലീസുകാരെ ഇടിച്ചുവീഴ്ത്തി. ആക്രമണങ്ങളിൽ 157 കേസുകളിലായി 170 പേരെ അറസ്റ്റ് ചെയ്തു. കോട്ടയത്താണ് ഏറ്റവും കൂടുതൽ പേരെ അറസ്റ്റ് ചെയ്തത്. സമാധനപരമായി തുടങ്ങിയ ഹർത്താൽ വളരെ പെട്ടെന്നാണ് അതിക്രമങ്ങളിലേക്ക് ഗതിമാറിയത്. നിരത്തിലിറങ്ങിയ കെ.എസ്.ആർ.ടി.സി ബസുകൾക്ക് നേരെ വ്യാപകമായി കല്ലേറുണ്ടായി. തിരുവനന്തപുരം അട്ടക്കുളങ്ങരയിലും കാട്ടാക്കടയിലും ബാലരാമപുരത്തും ആറ്റിങ്ങലിലും ബസ് എറിഞ്ഞു തകർത്തു. അക്രമത്തിൽ നെയ്യാറ്റിൻകര ഡിപ്പോയിലെ ഡ്രൈവർ സുനിൽ കുമാറിന്റെ കണ്ണിന് പരുക്കേറ്റു.

Leave a Reply

Your email address will not be published.