എൻ.ഐ.എ റെയ്ഡ്: കേന്ദ്രം വേട്ടയാടുന്നു, ശക്തമായ പ്രതിഷേധം ഉണ്ടാകുമെന്ന് പോപ്പുലർ ഫ്രണ്ട്
സംസ്ഥാനത്തെ പോപ്പുലർ ഫ്രണ്ട് നേതാക്കളുടെ വീട്ടിലും ഓഫീസിലും എൻ.ഐ.എ, ഇ.ഡി തുടങ്ങിയ അന്വേഷണ ഏജൻസികൾ അർദ്ധരാത്രി മുതൽ ആരംഭിച്ച പരിശോധനയിലും, ദേശിയ സംസ്ഥാന നേതാക്കളുടെ അറസ്റ്റിലും പ്രതിഷേധിച്ച് പോപ്പുലർ ഫ്രണ്ടിൻ്റെ വ്യാപക പ്രതിഷേധം. തിരുവനന്തപുരത്ത് ഈഞ്ചക്കലും, ബാലരാമപുരത്തും പ്രവർത്തകർ ഹൈവേ ഉപരോധിച്ചു. അര മണിക്കൂറോളം റോഡ് ഗതാഗതം തടസ്സപെട്ടു. പ്രവർത്തകരെ നീക്കാൻ ശ്രമിക്കുന്നതിനിടെ പൊലീസുമായി നേരിയ ഉന്തുംതള്ളുമുണ്ടായി.
റെയ്ഡ് ഭരണകൂട ഭീകരതയുടെ ഒടുവിലത്തെ ഉദാഹരണമാണെന്ന് സംസ്ഥാന ജനറൽ സെക്രട്ടറി എ അബ്ദുൽ സത്താർ വാർത്താ സമ്മേളനത്തിൽ പറഞ്ഞു. കേന്ദ്ര ഏജൻസികളെ ഉപയോഗിച്ചുള്ള വേട്ടയാടൽ കൊണ്ട് പോപ്പുലർ ഫ്രണ്ടിനെ തകർക്കാനാവില്ല. ആർഎസ്എസ് ഫാഷിസത്തിനെതിരെ ശക്തമായ നിലപാട് സ്വീകരിച്ചു വരുന്ന പ്രസ്ഥാനമാണ് പോപ്പുലർ ഫ്രണ്ട്. ആർഎസ്എസ്സിൻ്റെ ഹിന്ദുത്വ രാഷ്ട്ര അജണ്ടയ്ക്ക് ഫ്രണ്ട് തടസ്സമാണെന്ന ബോധ്യത്തിൻ്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് വേട്ടയാടുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി.
ദേശീയ സംസ്ഥാന പ്രാദേശിക നേതാക്കളുടെ വീടുകളിലാണ് രാത്രിയുടെ മറവിൽ ഭീകരാന്തരീക്ഷം സൃഷ്ടിച്ച് റെയ്ഡ് നടത്തിയത്. സംസ്ഥാന കമ്മിറ്റി ഓഫീസിലും ജില്ലാ ഓഫീസുകളിലും റെയ്ഡ് നടന്നിട്ടുണ്ട്. പോപുലർ ഫ്രണ്ട് ചെയർമാൻ ഒ.എം.എ സലാം, ദേശീയ സെക്രട്ടറി വി പി നാസറുദീൻ, സംസ്ഥാന പ്രസിഡൻ്റ് സി.പി മുഹമ്മദ് ബഷീർ, ദേശീയ സമിതിയംഗം പി കോയ തുടങ്ങി 14 നേതാക്കൾ കസ്റ്റഡിയിലാണ്. ഏജൻസികളെ ഉപയോഗിച്ച് എതിർശബ്ദങ്ങളെ നിശ്ശബ്ദമാക്കാനുള്ള ഫാഷിസ്റ്റ് ഭരണകൂടത്തിന്റെ നീക്കങ്ങൾക്കെതിരെ ശക്തമായ പ്രതിഷേധം ഉയർന്നു വരണമെന്നും അദ്ദേഹം പറഞ്ഞു.