പാലക്കാട് ആർഎസ്എസ് നേതാവിൻ്റെ കൊലപാതകം; അന്വേഷണം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും
പാലക്കാട് ആർഎസ്എസ് നേതാവ് ശ്രീനിവാസൻ കൊലപാതകത്തിൽ അന്വേഷണം പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിലേക്കും. പോപ്പുലർ ഫ്രണ്ട് പാലക്കാട് ജില്ലാ സെക്രട്ടറി സിദ്ധിഖ് അറസ്റ്റിലായതോടെയാണ് കൊലപാതകത്തിൽ സംസ്ഥാന നേതൃത്വത്തിന്റെ പങ്കും പൊലീസ് അന്വേഷിക്കുന്നത്. ഗൂഢാലോചനയിൽ പങ്കെടുത്ത അഞ്ച് പേർ കൂടി അന്വേഷണ സംഘത്തിന്റെ കസ്റ്റഡിയിലാണ്.
–
പോപ്പുലർ ഫ്രണ്ട് കോട്ടക്കൽ ഏരിയ റിപ്പോർട്ടർ സിറാജുദ്ദീനെ അറസ്റ്റ് ചെയ്തതോടെയാണ് കൊലപാതകം സംബന്ധിച്ച കൂടുതൽ വിവരങ്ങൾ പുറത്ത് വരുന്നത്. ഇയാളിൽ നിന്ന് കണ്ടെടുത്ത രേഖകളുടെ അടിസ്ഥാനത്തിൽ പോപ്പുലർ ഫ്രണ്ട് ജില്ലാ സെക്രട്ടറി അബൂബക്കർ സിദ്ധിഖിനെ കഴിഞ്ഞ ദിവസം അന്വേഷണ സംഘം അറസ്റ്റ് ചെയ്തിരുന്നു. പ്രതിയിൽ നിന്ന് ലഭിച്ച ലാപ്ടോപ്പ്, മൊബൈൽ ഫോണ് എന്നിവ പരിശോധിച്ചതിൽ നിന്നാണ് കൊലപാതകത്തിൽ പോപ്പുലർ ഫ്രണ്ട് സംസ്ഥാന നേതൃത്വത്തിനുള്ള പങ്കും പൊലീസ് അന്വേഷിക്കുന്നത്.
അബൂബക്കർ സിദ്ധിഖിനെ ചോദ്യം ചെയ്തതിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ അഞ്ച് പേരെ പൊലീസ് കസ്റ്റഡിയിൽ എടുത്തിട്ടുണ്ട്. എന്നാൽ ഔദ്യോഗികമായി ഇവരുടെ അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല. കസ്റ്റഡിയിലുള്ള ഇവരെ പാലക്കാട് ജില്ലാ പൊലീസ് മേധാവിയുടെ നേതൃത്വത്തിൽ ചോദ്യം ചെയ്യുകയാണ്. കൊല്ലപ്പെടേണ്ടവരുടെ പട്ടിക തയ്യാറാക്കിയുള്ള സംസ്ഥാനത്തെ ആദ്യ കൊലപാതകം എന്ന നിലയിൽ ജാഗ്രതയോടെയാണ് അന്വേഷണ സംഘം കേസിനെ സമീപിക്കുന്നത്. ഇതുവരെ 27 പേർ പിടിയിലായ കേസിൽ കൂടുതൽ പ്രതികൾ ഉടനെ അറസ്റ്റിലാകുമെന്നാണ് പോലീസ് നൽകുന്ന വിവരം.