Sunday, January 5, 2025
National

രാജ്യത്ത് 8586 പുതിയ കൊവിഡ് കേസുകൾ; 48 മരണം

രാജ്യത്ത് കഴിഞ്ഞ 24 മണിക്കൂറിനിടെ 8586 പുതിയ കൊവിഡ് കേസുകൾ റിപ്പോർട്ട് ചെയ്തു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് കേസുകൾ 4,43,57,546 ആയി. ഇന്നലെ കൊവിഡ് ബാധിച്ച് 48 പേർ മരണപ്പെട്ടു. ഇതോടെ രാജ്യത്തെ ആകെ കൊവിഡ് മരണങ്ങൾ 5,27,416 ആയി.

അതേസമയം, ബോളിവുഡ് താരം അമിതാഭ് ബച്ചന് വീണ്ടും കൊവിഡ് സ്ഥിരീകരിച്ചു. രോഗ വിവരം സമൂഹമാദ്ധ്യമത്തിലൂടെ അമിതാഭ് ബച്ചൻ തന്നെയാണ് പുറത്തുവിട്ടത്. ഇത് രണ്ടാം തവണയാണ് അമിതാഭ് ബച്ചന് കൊവിഡ് സ്ഥിരീകരിക്കുന്നത്. രോഗവിവരം ട്വിറ്ററിലൂടെയാണ് അമിതാഭ് ബച്ചൻ അറിയിച്ചത്.

താനുമായി അടുത്ത ദിവസങ്ങളിൽ സമ്പർക്കത്തിലേർപ്പെട്ടവർ കൊറോണ പരിശോധനയ്‌ക്ക് വിധേയരാകണമെന്നും അദ്ദേഹം പറഞ്ഞു. തനിക്ക് വീണ്ടും കൊറോണ സ്ഥിരീകരിച്ചുവെന്നും താനുമായി സമ്പർക്കത്തിൽ ഏർപ്പെട്ട എല്ലാവരും പരിശോധന നടത്തണമെന്നുമായിരുന്നു അദ്ദേഹം ട്വീറ്റ് ചെയ്തത്.

2020 ജൂലൈയിലാണ് അമിതാഭ് ബച്ചന് ആദ്യം കൊറോണ സ്ഥിരീകരിച്ചത്. തുടർന്ന് രണ്ട് ആഴ്ചയോളം അദ്ദേഹം ആശുപത്രിയിൽ ചികിത്സയിൽ കഴിഞ്ഞിരുന്നു. അമിതാഭ് ബച്ചന് പിന്നാലെ അഭിഷേക് ബച്ചൻ, ഐശ്വര്യാ റായ് എന്നിവർക്കും കൊവിഡ് സ്ഥിരീകരിച്ചിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *