Thursday, April 10, 2025
National

പഴയ നൂറ്, പത്ത്, അഞ്ച് രൂപ നോട്ടുകൾ പിൻവലിച്ചേക്കും

രാജ്യത്ത് നിലവിലുള്ള പഴയ 100,10, അഞ്ച് രൂപാ കറൻസി നോട്ടുകൾ പിൻവലിക്കാന്‍ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ ഒരുങ്ങുന്നതായി റിപ്പോർട്ട്. നോട്ടുകൾ പൂർണമായും നിരോധിക്കുന്നതിന്റെ ഭാഗമായി മാർച്ചിലോ ഏപ്രിലിലോ ആർബിഐ ഇവയുടെ വിതരണം പൂർണമായി നിർത്തലാക്കുമെന്നാണ് സൂചന. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക തീരുമാനങ്ങളൊന്നും പുറത്തുവന്നിട്ടില്ല.
നൂറ്,പത്ത്, അഞ്ച് രൂപാ നോട്ടുകൾ പിൻവലിക്കുന്നതിന്റെ ഭാഗമായി മാര്‍ച്ച്, ഏപ്രിൽ മാസങ്ങളിൽ ഇവയുടെ വിതരണം പൂർണമായി നിർത്താൻ പദ്ധതിയിടുന്നതായി ആർബിഐ അസിസ്റ്റ് ജനറൽ മാനേജർ ബി മഹേശ് ജില്ലാതല സുരക്ഷാ, കറൻസി മാനേജ്മെന്റ് കമ്മിറ്റികളിൽ സൂചിപ്പിച്ചതായി വാർത്തകൾ പുറത്തുവന്നിരുന്നു.
പഴയ നോട്ടുകള്‍ക്കു പകരമായി പുതിയ നോട്ടുകൾ ഇപ്പോൾ പ്രചാരണത്തിലുണ്ടെന്ന കാര്യവും ശ്രദ്ധേയമാണ്.
2019ലാണ് ആർബിഐ പുതിയ 100 രൂപ കറൻസി നോട്ട് പുറത്തിറക്കിയത്. നോട്ട് നിരോധന സമയത്തുണ്ടായ പ്രശ്നങ്ങൾ പരിഹരിക്കാനാണ് നോട്ടുകളുടെ വിതരണം നിർത്തി വയ്ക്കുന്നതിനു മുമ്പ് തന്നെ ആർബിഐ പുതിയ നോട്ടുകള്‍ വിപണിയിൽ കൊണ്ടുവന്നതെന്നാണ് സൂചന.

Leave a Reply

Your email address will not be published. Required fields are marked *