Monday, April 14, 2025
Kerala

കാട്ടാനയുടെ ചവിട്ടേറ്റ് മരിച്ചത് സൈക്കോളജി അധ്യാപിക; മൃതദേഹം ഇന്ന് കണ്ണൂരിലേക്ക് കൊണ്ട് പോവും

കല്ലറപ്പുര ഹൗസില്‍ ഷഹാന (26)യാണ് മരിച്ചത്. കോഴിക്കോട് പേരാമ്പ്ര ദാറുന്നുജൂം ആര്‍ട്‌സ് ആന്റ് സയന്‍സ് കോളജില്‍ സൈക്കോളജി അധ്യാപികയാണ്. ശനിയാഴ്ച രാത്രി 7.45നാണ് സംഭവം. 30 അംഗ സംഘത്തിലാണ് യുവതി എത്തിയത്. റിസോര്‍ട്ടിനു പുറത്തു കെട്ടിയ കൂടാരത്തിലിരിക്കുമ്പോഴാണ് കാട്ടാനയുടെ ആക്രമണമുണ്ടായത്. ബാക്കിയെല്ലാവരും ഓടി രക്ഷപ്പെട്ടെങ്കിലും ഷഹാനക്ക് ആനയുടെ ചവിട്ടേല്‍ക്കുകയായിരുന്നു. ഗുരുതരമായി പരിക്കേറ്റ ഷഹാനയെ മേപ്പാടിയിലെ സ്വകാര്യ മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല.

മൃതദേഹം മേപ്പാടിയിലെ സ്വകാര്യ ആശുപത്രി മോര്‍ച്ചറിയില്‍ സൂക്ഷിച്ചിരിക്കുകയാണ്. ഇന്ന് രാവിലെ പോലിസെത്തി ഇന്‍ക്വസ്റ്റ് നടപടികള്‍ പൂര്‍ത്തിയാക്കിയ ശേഷം പോസ്റ്റ്‌മോര്‍ട്ടം നടത്തി കണ്ണൂരിലേക്ക് കൊണ്ടുപോകും. നിരവധി വിനോദസഞ്ചാരികള്‍ എത്തുന്ന പ്രദേശമാണിത്. അടുത്തകാലത്താണ് കൂടുതല്‍ പേര്‍ ഈ പ്രദേശത്തേക്ക് എത്താന്‍ തുടങ്ങിയത്. വനഭൂമിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായതിനാല്‍ ഇടക്കിടെ കാട്ടാന ഇറങ്ങാറുണ്ട്. പരേതനായ സി.കെ. അബ്ദുല്‍ സത്താറിന്റെയും ആയിഷയുടെയും മകളാണ് ഷഹാന. നേരത്തെ ഫാറൂഖ് കോളജില്‍ അധ്യാപികയായിരുന്നു. മധ്യപ്രദേശ് സര്‍വകലാശാലയില്‍ സൈക്കോളജില്‍ ഗവേഷണം നടത്തുന്നുണ്ട്. ഭര്‍ത്താവ്: ലിഷാം. സഹോദരങ്ങള്‍: ബിലാല്‍, ലുഖ്മാന്‍, ഡോ. ദില്‍ഷാത്ത്.

 

 

Leave a Reply

Your email address will not be published. Required fields are marked *