ഇടക്കാല ജാമ്യം ലഭിച്ചു; ഉമര്‍ ഖാലിദ് പുറത്തിറങ്ങി
വടക്കുകിഴക്കന്‍ ഡല്‍ഹി കലാപവുമായി ബന്ധപ്പെട്ട് തിഹാര്‍ ജയിലില്‍ കഴിയുന്ന മുന്‍ ജെഎന്‍യു വിദ്യാര്‍ത്ഥി നേതാവ് ഉമര്‍ ഖാലിദ് പുറത്തിറങ്ങി. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി ഉമറിന് ഒരാഴ്ചത്തെ ഇടക്കാലജാമ്യം ലഭിച്ചിരുന്നു. ഇന്ന് മുതല്‍ ഡിസംബര്‍ 30 വരെയാണ് ജാമ്യം അനുവദിച്ചിരിക്കുന്നത്. അഡീഷണല്‍ സെഷന്‍ ജഡ്ജി അമിതാബ് റാവത്താണ് ഉമറിന് ജാമ്യം അനുവദിച്ചത്.
2020 സെപ്തംബര്‍ മാസത്തിലാണ് ഉമറിനെ ഡല്‍ഹി പൊലീസ് അറസ്റ്റ് ചെയ്തത്. 2020 ഫെബ്രുവരി മാസത്തില്‍ 53 പേര്‍ മരിക്കാനിടയാക്കിയ കലാപത്തിന്റെ ആസൂത്രകനാണെന്ന് ആരോപിച്ചുകൊണ്ടാണ് ഉമറിനെതിരെ യുഎപിഎ ചുമത്തിയത്. പൗരത്വഭേദഗതി നിയമത്തിനും ദേശീയ പൗരത്വ രജിസ്റ്ററിനുമെതിരെയുള്ള പ്രതിഷേധത്തിനിടെയാണ് അക്രമമുണ്ടായത്.
ഇന്ന് രാവിലെ നടപടികള്‍ പൂര്‍ത്തിയാക്കി ഉമര്‍ ഖാലിദിനെ പുറത്തുവിട്ടതായി ജയില്‍ അധികൃതര്‍ അറിയിച്ചു. സഹോദരിയുടെ വിവാഹത്തില്‍ പങ്കെടുക്കുന്നതിനായി രണ്ട് ആഴ്ചത്തെ ഇടക്കാല ജാമ്യത്തിനാണ് ഉമര്‍ ഖാലിദ് അപേക്ഷ നല്‍കിയിരുന്നത്.