റോഡ് കുത്തിപ്പൊളിച്ച ശേഷം പൂർവസ്ഥിതിയിലാക്കേണ്ടത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്തം; മന്ത്രി മുഹമ്മദ് റിയാസ്
പ്രാദേശിക സമിതിയുടെ അനുമതി ഇല്ലാതെ റോഡ് കുഴിക്കാൻ പാടില്ലെന്നും അതിൽ അലംഭാവം കാട്ടരുതെന്നും മന്ത്രി മുഹമ്മദ് റിയാസ്. റോഡിനെ പൂർവസ്ഥിതിയിലാക്കുക എന്നത് പാത വെട്ടിപ്പൊളിക്കുന്നവരുടെ ഉത്തരവാദിത്വമാണ്. അതിൽ വീഴ്ച വരുത്തുന്നത് തിരുത്തി തന്നെ പോകണം. മന്ത്രിമാർ തന്നെ മുൻകയ്യെടുത്ത് ഇത് തിരുത്തും. ബന്ധപ്പെട്ട വകുപ്പ് മന്ത്രിയുമായി ഇക്കാര്യം സംസാരിച്ചിട്ടുണ്ട്.
റോഡിലെ കൊടിതോരണങ്ങൾ നിമിത്തമുള്ള അപകടങ്ങൾ വർധിക്കുകയാണ്. റോഡ് സുരക്ഷാ നിയമങ്ങൾ പാലിക്കണം. ഇത്തരം കാര്യങ്ങൾ സർക്കാർ പരിശോധിക്കുന്നുണ്ട്. കോട്ടയത്ത് ടാർ ചെയ്ത ഉടൻ റോഡ് കുത്തിപ്പൊളിച്ച സംഭവത്തിൽ സർക്കാർ ഇടപെട്ടിട്ടുണ്ട്.
കുടിവെള്ളത്തിന് വേണ്ടി റോഡ് കീറിമുറിച്ച ശേഷം പഴയ സ്ഥിതിയാകാത്തത് ദീർഘകാലമായി നേരിടുന്ന പ്രശ്നമാണ്. പ്രശനം പരിഹരിക്കാൻ വകുപ്പുകളെ ഏകോപിപ്പിച്ച് സർക്കാർ മുന്നോട്ടുപോയിട്ടുണ്ട്. ജലസേചന മന്ത്രിയുമായി ചർച്ച ചെയ്തെടുത്ത തീരുമാനങ്ങൾ നടപ്പിലാക്കുകയാണ്.
അതിൽ വീഴ്ചയുണ്ടങ്കിൽ ശക്തമായ നടപടി സ്വീകരിച്ച് മുന്നോട്ട് പോകുമെന്നും മന്ത്രി മുഹമ്മദ് റിയാസ് വ്യക്തമാക്കി.