മുഹമ്മദ് സുബൈറിന് ഇടക്കാല ജാമ്യം; കസ്റ്റഡിയിൽ വയ്ക്കുന്നതിന് ന്യായീകരണമില്ലെന്ന് കോടതി, ഉടന്‍ പുറത്തിറങ്ങും
ദില്ലി: ഓൾട്ട് ന്യൂസ് സഹസ്ഥാപകൻ മുഹമ്മദ് സുബൈറിന് ജാമ്യം അനുവദിച്ച് സുപ്രീംകോടതി. ഉത്തർപ്രദേശ് പൊലീസ് രജിസ്റ്റര്‍ ചെയ്ത കേസുകളിലാണ് മുഹമ്മദ് സുബൈറിന് സുപ്രീംകോടതി ഇടക്കാല ജാമ്യം അനുവദിച്ചത്. ഉത്തർപ്രദേശിൽ രജിസ്ട്രർ ചെയ്തതിന് സമാനമായ കേസുകളിൽ ദില്ലി കോടതി ജാമ്യം നൽകിയത് ചൂണ്ടിക്കാട്ടിയാണ് സുപ്രീംകോടതി ഉത്തരവ്. സുബൈറിനെ ഇത്രയും സമയം കസ്റ്റഡിയിൽ വച്ചതിനെ രൂക്ഷമായി വിമർശിച്ച കോടതി എല്ലാ കേസുകളും ദില്ലിയിലേക്ക് മാറ്റാൻ നിർദ്ദേശിച്ചു.
ഉത്തർപ്രദേശിൽ രജിസ്റ്റർ ചെയ്ത ആറ് എഫ്ഐആറുകൾ റദ്ദാക്കണമെന്നാവശ്യപ്പെട്ടായിരുന്നു മുഹമ്മദ് സുബൈർ കോടതിയെ സമീപിച്ചത്. എഫ്ഐആർ റദ്ദാക്കാൻ തയ്യാറാകാത്ത കോടതി പകരം ആറ് കേസുകളിലും സുബൈറിന് ഇടക്കാല ജാമ്യം അനുവദിച്ചു. ദില്ലിയിൽ രജിസ്റ്റര്‍ ചെയ്തതിന് സമാനമായ കേസാണ് ഉത്തർപ്രദേശിലും സുബൈറിനെതിരെ എടുത്തത്. ദില്ലിയിലെ കേസിൽ പട്യാല കോടതിയും സീതാപൂരിൽ രജിസ്റ്റര്‍ ചെയ്ത കേസിൽ സുപ്രീംകോടതിയും സുബൈറിന് നേരത്തെ ജാമ്യം നൽകിയിരുന്നു. ഇക്കാര്യം ചൂണ്ടികാണിച്ചാണ് ജസ്റ്റിഡ് ഡി വൈ ചന്ദ്രചൂഡിന്‍റെ ബെഞ്ച് മറ്റ് ആറ് കേസുകളിൽ കൂടി ജാമ്യം അനുവദിച്ചത്. സുബൈറിനെ ദീർഘകാലം കസ്റ്റഡിയിൽ വച്ചത് ന്യായീകരിക്കാൻ കഴിയില്ല എന്ന് കോടതി വ്യക്തമാക്കി.