‘രാമരാജ്യത്തിന് ആവശ്യം സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും’; അരവിന്ദ് കെജ്രിവാൾ
സൗജന്യ വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയുമാണ് രാമരാജ്യത്തിന് ആവശ്യമെന്ന് ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ. എല്ലാവർക്കും നല്ല വിദ്യാഭ്യാസവും ആരോഗ്യ പരിരക്ഷയും ലഭിക്കണം. ഇതിന് വേണ്ടിയാണ് എഎപിയുടെ നേതൃത്വത്തിലുള്ള ഡൽഹി സർക്കാർ ശ്രമിക്കുന്നതെന്നും കെജ്രിവാൾ.
ഡൽഹി സർക്കാരിന്റെ കീഴിലുള്ള അരുണ ആസഫ് അലി ആശുപത്രിയുടെ പുതിയ ഒപിഡി കെട്ടിടം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം. ആരോഗ്യ സംരക്ഷണവും വിദ്യാഭ്യാസവുമാണ് ഡൽഹി സർക്കാരിന്റെ ശ്രദ്ധാകേന്ദ്രം. ഇവയുടെ വിപുലീകരണം ലക്ഷ്യമിട്ടുള്ള പ്രവർത്തനമാണ് സർക്കാർ നടത്തുന്നതെന്നും മുഖ്യമന്ത്രി കെജ്രിവാൾ പറഞ്ഞു.
ആശുപത്രികളുടെ അടിസ്ഥാന സൗകര്യങ്ങൾ മെച്ചപ്പെടുത്തി. പതിനൊന്ന് പുതിയ ആശുപത്രികൾ നിർമ്മിച്ചു. നഗരത്തിലെ മുഴുവൻ സർക്കാർ ആശുപത്രികളിലും ഇന്ന് ഏകദേശം 10,000 കിടക്കകൾ ഉണ്ടെന്നും അദ്ദേഹം വ്യക്തമാക്കി. പണക്കാരനെന്നോ പാവപ്പെട്ടവനെന്നോ വ്യത്യാസമില്ലാതെ എല്ലാവർക്കും നല്ല വിദ്യാഭ്യാസവും ആരോഗ്യപരിരക്ഷയും ആവശ്യമാണെന്നും, സർക്കാർ ആ ദിശയിൽ പ്രവർത്തിക്കാൻ ശ്രമിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.