മധ്യപ്രദേശിൽ എഎപി അധികാരത്തിലെത്തിയാൽ അഴിമതിക്കാരെ ജയിലിൽ അടക്കും; ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ
മധ്യപ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ബിജെപിക്കെതിരെ ആഞ്ഞടിച്ച് ആം ആദ്മി പാർട്ടി. ജനങ്ങളെ ബിജെപി കൊള്ളയടിക്കുകയാണെന്നും ആം ആദ്മി പാർട്ടി അധികാരത്തിലെത്തിയാൽ അഴിമതി തുടച്ചുനീക്കുമെന്നും ഡെൽഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. ഡൽഹിയിൽ എഎപി അഴിമതി തുടച്ചുനീക്കി. അധികാരത്തിലെത്തിയാൽ മധ്യപ്രദേശിൽ അഴിമതിക്കാരെ ജയിലിൽ അടക്കുമെന്നും കെജ്രിവാൾ വ്യക്തമാക്കി.
തെരഞ്ഞെടുപ്പിന് മുമ്പ് വൻ പ്രഖ്യാപനങ്ങളാണ് ആം ആദ്മി പാർട്ടി നടത്തിയത്. സൗജന്യ വിദ്യാഭ്യാസം , 300 യൂണിറ്റ് സൗജന്യ വൈദ്യുതി, തൊഴിലില്ലായ്മ വേതനം തുടങ്ങിയവയാണ് പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങൾ. മധ്യപ്രദേശ് നിയമസഭയുടെ കാലാവധി 2024 ജനുവരി 6ന് ആണ് അവസാനിക്കുന്നത്. മുൻ നിയമസഭാ തിരഞ്ഞെടുപ്പ് 2018 നവംബറിലാണ് നടന്നത്. തിരഞ്ഞെടുപ്പിന് ശേഷം ഇന്ത്യൻ നാഷണൽ കോൺഗ്രസ് സംസ്ഥാന സർക്കാർ രൂപീകരിച്ച് കമൽനാഥ് മുഖ്യമന്ത്രിയായിരുന്നു.
2020 മാർച്ചിൽ, 22 കോൺഗ്രസ് എംഎൽഎമാർ നിയമസഭയിൽ നിന്ന് രാജിവച്ച് ഭാരതീയ ജനതാ പാർട്ടിയിലേക്ക് കൂറുമാറിയിരുന്നു. അതിന്റെ ഫലമായി കോൺഗ്രസ് സർക്കാർ വീഴുകയും മുഖ്യമന്ത്രി കമൽനാഥ് രാജിവെക്കുകയും ചെയ്തിരുന്നു. തുടർന്ന് ബിജെപിയുടെ നേതൃത്വത്തിൽ സംസ്ഥാന സർക്കാർ രൂപീകരിച്ചു് ശിവരാജ് സിംഗ് ചൗഹാൻ മുഖ്യമന്ത്രിയായി ചുമതല ഏൽക്കുകയായിരുന്നു. കൂറുമാറിയ ഭൂരിഭാഗം എം.എൽ.എമാരും ഉപതെരഞ്ഞെടുപ്പിൽ ബി.ജെ.പി ചിഹ്നത്തിൽ വീണ്ടും തിരഞ്ഞെടുക്കപ്പെട്ടിരുന്നു.
ഏറ്റവും താഴെ തട്ടിലേക്കുള്ള പ്രവർത്തനമാണ് ബിജെപി പുതിയ തെരഞ്ഞെടുപ്പ് തന്ത്രത്തിലൂടെ ലക്ഷ്യമിടുന്നത്. കേന്ദ്ര നേതൃത്വം നേരിട്ട് തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങൾക്കു നേതൃത്വം നൽകും. അവരുടെ നിർദേശങ്ങൾക്കനുസരിച്ചായിരിക്കും താഴെതട്ടിൽ പ്രവർത്തനം നടക്കുക.