Monday, January 6, 2025
National

വർഗീയ വാദികൾക്ക് പ്രവേശനമില്ലാത്ത സിപിഎം ആസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥിയെത്തി, സ്വീകരിച്ച് ബിമൻ ബോസ്

കൊൽക്കത്ത: കഴിഞ്ഞ വർഷം ഹിന്ദു മഹാസഭ നേതാക്കളെ പടിക്ക് പുറത്ത് നിർത്തിയ കൊൽക്കത്തയിലെ സിപിഎം ആസ്ഥാനത്ത് ബിജെപി സ്ഥാനാർത്ഥിയെ സ്വാഗതം ചെയ്ത് ചായ കൊടുത്തു. ഇടതുമുന്നണിയുടെ ബംഗാൾ കൺവീനർ ബിമൻ ബോസാണ് ബിജെപി കൊൽക്കത്ത നോർത്ത് മണ്ഡലം സ്ഥാനാർത്ഥി തപസ് റോയിയെ സ്വാഗതം ചെയ്തത്. ഇദ്ദേഹത്തിന് ചായ നൽകിയാണ് ബിമൻ ബോസ് മടക്കിയത്. കഴിഞ്ഞ വർഷം ഹിന്ദു മഹാസഭയുടെ നേതാക്കളെ സിപിഎമ്മിന്റെ പശ്ചിമ ബംഗാൾ സംസ്ഥാന കമ്മിറ്റി ഓഫീസായ മുസഫർ അഹമ്മദ് ഭവനിൽ നിന്ന് പുറത്ത് നിർത്തിയത് ബിമൻ ബോസായിരുന്നു.

പ്രചാരണത്തിനിടെയാണ് ഇന്നലെ ബിജെപി സ്ഥാനാർത്ഥി അലിമുദ്ദീൻ സ്ട്രീറ്റിൽ എത്തിയത്. അപ്പോഴായിരുന്നു മുസഫർ അഹമ്മദ് ഭവൻ സന്ദർശിക്കാനുള്ള തീരുമാനം. നോർത്ത് കൊൽക്കത്ത മണ്ഡലത്തിലാണ് താൻ മത്സരിക്കുന്നത്, ബിമൻ ദാ താമസിക്കുന്നത് മുസഫർ അഹമ്മദ് ഭവനിലാണ്, അദ്ദേഹത്തെ കണ്ട് വോട്ട് അഭ്യർത്ഥിക്കാനാണ് താൻ അവിടെ ചെന്നത് എന്നായിരുന്നു ഇതേക്കുറിച്ച് തപസ് റോയിയുടെ പ്രതികരണം.

പതിറ്റാണ്ടുകളായി മുസഫർ അഹമ്മദ് ഭവന്റെ കവാടം ബിജെപിക്കാർക്ക് മുന്നിൽ അടഞ്ഞുകിടക്കുകയായിരുന്നു. ബിജെപി സ്ഥാനാർത്ഥി രാഹുൽ സിൻഹ ഇവിടെ ചെല്ലാൻ ശ്രമിച്ചിരുന്നെങ്കിലും പ്രവേശനം അനുവദിച്ചിരുന്നില്ല. കഴിഞ്ഞ വർഷം ഹിന്ദു മഹാസഭയുടെ ഒരു വിഭാഗം നേതാക്കളാണ് ഇവിടെ സന്ദർശനത്തിന് എത്തിയത്, അവരെയും അകത്തേക്ക് കടത്തിയിരുന്നില്ല. വർഗീയ വാദികൾക്ക് പ്രവേശനമില്ലെന്ന നോട്ടീസ് ബോർഡ് മുസഫർ അഹമ്മദ് ഭവൻ്റെ മുന്നിലുണ്ട്. എന്നാൽ ഇന്നലെ തപസ് റോയ് ഇവിടെയെത്തിയപ്പോൾ അകത്തേക്ക് കയറ്റിവിടാൻ ബിമൻ ബോസ് തന്നെ പാർട്ടി പ്രവർത്തകന് നിർദ്ദേശം നൽകുകയായിരുന്നു. ഹിന്ദു മഹാസഭയുമായി തപസ് റോയിയെ ബന്ധിപ്പിക്കേണ്ടെന്നായിരുന്നു ഇതിനുള്ള വിശദീകരണം.
2006 ൽ അന്നത്തെ പാർട്ടി സെക്രട്ടറി അനിൽ ബിശ്വാസിൻ്റെ മരണത്തെ തുടർന്നായിരുന്നു ബിമൻ ബോസ് മുസഫർ അഹമ്മദ് ഭവനിലേക്ക് താമസം മാറ്റിയത്. ഇന്നലെ ബിജെപി നേതാവായ തമഘ്ന ഘോഷിനൊപ്പം എത്തിയ തപസ് റോയി പത്ത് മിനിറ്റോളം ഇവിടെ ചെലവഴിച്ചു. ആരോഗ്യം നോക്കണമെന്ന ഉപദേശം നൽകിയാണ് തപസ് റോയിയെ ബിമൻ ബോസ് മടക്കി അയച്ചത്.

Leave a Reply

Your email address will not be published. Required fields are marked *