പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം
പുതുപ്പള്ളിയിലെ ബിജെപി സ്ഥാനാർത്ഥിയെ ഇന്നറിയാം. തൃശൂരിൽ ചേരുന്ന ബിജെപി കോർ കമ്മിറ്റി യോഗത്തിൽ സ്ഥാനാർത്ഥിയെ സംബന്ധിച്ച് തീരുമാനമുണ്ടാകും. ദേശീയ നേതൃത്വത്തിൻ്റെ അനുമതി കൂടി ലഭിച്ചതിന് ശേഷമായിരിക്കും പ്രഖ്യാപനം. ബി ജെ പി സംസ്ഥാന ജനറൽ സെക്രട്ടറി ജോർജ് കുര്യൻ്റെ പേരാണ് പ്രധാനമായി ഉയർന്ന് കേൾക്കുന്നത്. മണ്ഡലത്തിൽ തന്നെയുള്ള യുവ നേതാക്കളിൽ ആരെയെങ്കിലും പരിഗണിക്കാമെന്ന ആലോചനയും പാർട്ടിക്കുണ്ട്. യുവാക്കളായ ചില സംസ്ഥാന നേതാക്കളുടെ പേരുകളും പരിഗണനാ പട്ടികയിലുണ്ട്.
കോർ കമ്മിറ്റിക്ക് ശേഷം സംസ്ഥാന ഭാരവാഹി യോഗവും എൻ ഡി എ യോഗവും തൃശൂരിൽ ചേരും. വിവിധ മോർച്ചകളുടെ മെമ്പർഷിപ്പ് ക്യാമ്പയിൻ, ലോക്സഭ തെരഞ്ഞെടുപ്പ് തയ്യാറെടുപ്പ്, സർക്കാരിനെതിരായ പ്രക്ഷോഭങ്ങൾ ഒപ്പം മിത്ത് വിവാദത്തിൽ അടുത്ത് ഇനി എന്ത് നിലപാട് സ്വീകരിക്കണമെന്നതടക്കമുള്ള കാര്യങ്ങൾ ബിജെപി നേതൃയോഗങ്ങളിലെ ചർച്ചാ വിഷയങ്ങളാകും. ബിജെപി ദേശീയ ജനറൽ സെക്രട്ടറിയും കേരളത്തിൻ്റെ സഹപ്രഭാരിയുമായ രാധാ മോഹൻ അഗർവാൾ നേതൃയോഗങ്ങളിൽ പങ്കെടുക്കും.
മണ്ഡലത്തിലെ എൽഡിഎഫ് സ്ഥാനാർത്ഥിയെ ഇന്ന് പ്രഖ്യാപിക്കും. രാവിലെ 10 മണിക്ക് ചേരുന്ന ജില്ലാ സെക്രട്ടറിയേറ്റിനു ശേഷം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ പ്രഖ്യാപനം നടത്തും. ജയ്ക് സി തോമസിനെ സ്ഥാനാർത്ഥിയാക്കാനാണ് ഇന്നലെ ചേർന്ന സംസ്ഥാന സെക്രട്ടറിയേറ്റിൽ തീരുമാനമായത്. പ്രഖ്യാപനത്തിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടര മുതൽ സ്ഥാനാർത്ഥിയുടെ മണ്ഡല പര്യടനവും ആരംഭിക്കും.
സ്ഥാനാർത്ഥി പ്രഖ്യാപനം വൈകിയെങ്കിലും പ്രചാരണത്തിൽ ചുരുങ്ങിയ സമയം കൊണ്ട് മുന്നിലെത്താനാണ് ഇടതുമുന്നണിയുടെ ശ്രമം. വാർഡ് കമ്മിറ്റികൾ മുതൽ മണ്ഡലം കമ്മിറ്റി വരെ സജീവമാക്കാൻ മുതിർന്ന നേതാക്കളെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. രണ്ട് ഘട്ടങ്ങളിലായി മുഖ്യമന്ത്രി മണ്ഡലത്തിൽ പ്രചാരണത്തിന് എത്തും. 17ന് നാമനിർദേശ പത്രിക സമർപ്പിക്കാനാണ് നിലവിലെ തീരുമാനം.
ചാണ്ടി ഉമ്മന്റെ സ്ഥാനാർത്ഥി പ്രഖ്യാപനം കഴിഞ്ഞ് നാല് ദിവസം പിന്നിട്ടെങ്കിലും യുഡിഎഫ് മണ്ഡല പര്യടനം ആരംഭിച്ചിട്ടില്ല. കെപിസിസി ഔദ്യോഗിക നിർദ്ദേശത്തിന് കാത്തിരിക്കുകയാണ് യുഡിഎഫ് ക്യാമ്പ്. കോൺഗ്രസിലെ മുതിർന്ന നേതാക്കൾ രണ്ടുദിവസമായി മണ്ഡലത്തിൽ സജീവമാണ്.