മലയാളിയായ സി വി ആനന്ദ ബോസ് പശ്ചിമ ബംഗാൾ ഗവർണര്‍; നിയമനം ജഗ്ദീപ് ധന്‍കര്‍
ദില്ലി: മുന്‍ ഐഎഎസ് ഉദ്യോഗസ്ഥന്‍ ഡോ. സി വി ആനന്ദ ബോസിനെ പശ്ചിമ ബംഗാൾ ഗവർണറായി രാഷ്ട്രപതി നിയമിച്ചു. പശ്ചിമ ബംഗാൾ ഗവർണറായിരുന്ന ജഗ്ദീപ് ധന്‍കര്‍ ഉപരാഷ്ട്രപതിയായതിനെ തുടര്‍ന്നാണ് ഡോ. സി വി ആനന്ദ ബോസിനെ ഗവർണറായി നിയമിച്ചത്. മണിപ്പൂർ ഗവർണർ എൽ ഗണേശനാണ് നിലവിൽ ബംഗാൾ ഗവർണറുടെ അധിക ചുമതല. ആനന്ദ ബോസിനെ മുഴുവൻ സമയ ഗവർണറായി നിയമിക്കുന്നതായി രാഷ്ട്രപതി ഭവൻ വാർത്താക്കുറിപ്പിൽ അറിയിച്ചു.
പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് നന്ദിയെന്ന് സി വി ആനന്ദ ബോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. ഭരണഘടന അനുസരിച്ച് ഭരണപക്ഷവും പ്രതി പക്ഷവുമായി യോജിച്ച് പ്രവർത്തിക്കുമെന്നും ആനന്ദ ബോസ് പ്രതികരിച്ചു. സിവിൽ സർവീസിലെ പ്രവർത്തനം കരുത്താകും. സുഗമമായ ഭരണമാണ് ലക്ഷ്യം വെക്കുന്നതെന്നും ലക്ഷ്മണരേഖയിൽ നിന്ന് പ്രവർത്തിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
പരിചിത ഇടമാണ് പശ്ചിമ ബംഗാൾ. കൊൽക്കത്തയിൽ നിന്നാണ് ഔദ്യോഗിക ജീവിതം തുടങ്ങുന്നത്. തൻ്റെ ആദ്യ ചെറുകഥ പോലും പശ്ചിമ ബംഗാളിലെ ചേരികളെ കുറിച്ചാണ്. തൻ്റെ പേരിലും ബംഗാൾ ടച്ച് ഉണ്ടെന്നും സി വി ആനന്ദ ബോസ് ഏഷ്യാനെറ്റ് ന്യൂസിനോട് പറഞ്ഞു. കേരളത്തിലെ ജനങ്ങൾക്കും നന്ദിയെന്ന് ആനന്ദ് ബോസ് കൂട്ടിച്ചേര്‍ത്തു.