പുതുപ്പള്ളിയിൽ ലിജിൻ ലാൽ ബിജെപി സ്ഥാനാർത്ഥി
പുതുപ്പള്ളി ഉപതെരഞ്ഞെടുപ്പിനുള്ള മത്സരാർത്ഥികളുടെ പൂർണ ചിത്രം തെളിഞ്ഞു. ഉപതിരഞ്ഞെടുപ്പിൽ ജി ലിജിൻലാൽ ബിജെപി സ്ഥാനാർത്ഥി. ബിജെപി കോട്ടയം ജില്ലാ അദ്ധ്യക്ഷനാണ് ലിജിൻ ലാൽ. ബിജെപി കേന്ദ്ര നേതൃത്വമാണ് സ്ഥാനാർത്ഥിയെ ഔദ്യോഗികമായി പ്രഖ്യാപിച്ചത്.
കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പില്‍ കടുത്തുരുത്തി മണ്ഡലത്തിലെ ബിജെപി സ്ഥാനാര്‍ത്ഥിയായിരുന്നു ലിജിൻ. യുവമോർച്ച ജില്ലാ പ്രസിഡന്റ്, ജനറൽ സെക്രട്ടറി എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. കൊവിഡ് കാലത്ത് ജില്ലയിൽ ബിജെപി നടത്തിയ സന്നദ്ധ പ്രവർത്തനങ്ങളുടെ ചുമതല വഹിച്ചു. നേരത്തെ മുതിര്‍ന്ന നേതാവ് ജോര്‍ജ്ജ് കുര്യന്‍ മത്സരിക്കാന്‍ താല്‍പ്പര്യമില്ലെന്ന് അറിയിച്ചതോടെയാണ് ലിജിനെ മത്സരിപ്പിക്കാന്‍ സംസ്ഥാന നേതൃത്വത്തില്‍ ധാരണയായത്.
പുതുപ്പള്ളിയിൽ ഉപതിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചതിന് പിന്നാലെ യുഡിഎഫ് ചാണ്ടി ഉമ്മനെ സ്ഥാനാർഥിയായി പ്രഖ്യാപിച്ചിരുന്നു. പിന്നീട് എൽഡിഎഫ് സ്ഥാനാർഥിയായി ജെയ്ക് സി.തോമസും എത്തി. ചാണ്ടി ഉമ്മനും ജെയ്ക് സി തോമസും മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് പ്രവർത്തനങ്ങളിൽ സജീവമായി കഴിഞ്ഞു. മുൻ മുഖ്യമന്ത്രി ഉമ്മൻചാണ്ടിയുടെ നിര്യാണത്തെ തുടർന്ന് ഒഴിവുവന്ന നിയമസഭ സീറ്റിലേക്ക് സെപ്റ്റംബർ അഞ്ചിനാണ് ഉപതിരഞ്ഞെടുപ്പ്. സെപ്റ്റംബർ എട്ടിനാണ് വോട്ടെണ്ണൽ.