Saturday, January 4, 2025
National

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണാടകത്തിൽ; ലക്ഷ്യം ലിംഗായത്ത് വോട്ടുകൾ, ബിജാപൂരിൽ റോഡ് ഷോ

ബംഗ്ലൂരു: തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി രാഹുൽ ഗാന്ധി കർണാടകത്തിൽ. പ്രധാനനേതാക്കളുടെ കൊഴിഞ്ഞുപോക്കോടെ ബിജെപിയിൽ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ടുകൾ കോൺഗ്രസിലെത്തിക്കാനുള്ള ലക്ഷ്യവുമായിട്ടാണ് രാഹുൽ ഗാന്ധി കർണാടകത്തിലെത്തുന്നത്. ബാഗൽകോട്ട് ജില്ലയിലെ കൂടലസംഗമയിൽ ബസവേശ്വരജയന്തി ആഘോഷങ്ങളിൽ പങ്കെടുക്കാനാണ് രാഹുൽ ഗാന്ധി എത്തിയത്.

ലിംഗായത്ത് സമുദായസ്ഥാപകനായ ബസവേശ്വരൻ സമാധിയടഞ്ഞു എന്ന് വിശ്വസിക്കപ്പെടുന്ന സ്ഥലമാണ് കൂടലസംഗമ. സത്യത്തിന് വേണ്ടി നിലകൊണ്ടയാളാണ് ബസവേശ്വരനെന്ന് രാഹുൽ പറഞ്ഞു. സത്യം പറഞ്ഞതിന്‍റെ പേരിലാണ് ചിലർ തന്നെ വേട്ടയാടുന്നത്. സത്യത്തിന് വേണ്ടി പോരാടിയവരെ എന്നും ആദരിക്കുമെന്നും രാഹുൽ വ്യക്തമാക്കി. ബസവജയന്തി ആഘോഷങ്ങളിൽ രാഹുലിനൊപ്പം ഗഡഗ്, ബിൽഗി എന്നിവിടങ്ങളിലെ ലിംഗായത്ത് മഠാധിപതികൾ പങ്കെടുത്തു. കൂടലസംഗമയിലെ ബസവേശ്വരക്ഷേത്രത്തിലും രാഹുൽ ദർശനം നടത്തി. ബിജാപൂരിൽ വൻ ജനാവലിയുടെ അകമ്പടിയോടെ രാഹുൽ റോഡ് ഷോയിലും പങ്കെടുത്തു.

ബിജെപിയിൽ നിന്ന് ചോരുന്ന ലിംഗായത്ത് വോട്ട് പരമാവധി നേടിയെടുക്കാനുള്ള ശ്രമം തുടരുകയാണ് കോൺഗ്രസ്. അതേസമയം, കർണാടകയിൽ ഇടഞ്ഞ് നിൽക്കുന്ന നേതാക്കളെ നേരിട്ട് വിളിച്ച് സമവായ ചർച്ച നടത്തുകയാണ് ബിജെപി നേതാക്കള്‍. ലിംഗായത്ത് വിഭാഗത്തിൽ നിന്ന് ഒരു മുഖ്യമന്ത്രിയുണ്ടാകുമെന്ന് ഉറപ്പ് നൽകിയാൽ വോട്ട് ബാങ്ക് ഉറപ്പിക്കാനാകുമോ എന്ന് ബിജെപി പരിശോധിക്കുന്നുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *