രാഹുൽ ഗാന്ധി വീണ്ടും കോലാറിലേക്ക്; കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിലും പ്രതിഷേധ പരിപാടിയിലും സംസാരിക്കും
രാഹുൽ ഗാന്ധി വീണ്ടും കർണാടകയിലെ കോലാറിലേക്ക്. അടുത്തമാസം അഞ്ചിന് കോലാറിലെ പ്രതിഷേധ പരിപാടിയിൽ രാഹുൽഗാന്ധി പങ്കെടുക്കും. കോലാർ പ്രസംഗത്തിന്റെ പേരിൽ അയോഗ്യനായതിന് പിന്നാലെയാണ് രാഹുൽ ഗാന്ധി വീണ്ടും കോലാറിലെത്തുന്നത്. അതിനിടെ രാഹുൽഗാന്ധിയെ അയോഗ്യനാക്കിയത്തിനെതിരെ ഡൽഹിയിൽ കോൺഗ്രസ് ഇന്ന് പന്തം കൊളുത്തി പ്രകടനം നടത്തും.
കർണാടക കോലാറിൽ 2019 ൽ നരേന്ദ്രമോദിക്കെതിരെ നടത്തിയ പ്രസംഗത്തിന്റെ പേരിൽ രാഹുൽ ഗാന്ധി അയോഗ്യനായതിന് പിന്നാലെയാണ് അടുത്തമാസം അഞ്ചിന് കോലാറിൽ വീണ്ടും രാഹുൽ ഗാന്ധിയെ എത്തുന്നത്. കർണാടക നിയമസഭാ തെരഞ്ഞെടുപ്പ് പ്രചാരണത്തിനൊപ്പം വൻ പ്രതിഷേധ പരിപാടിയിലും രാഹുൽ പങ്കെടുക്കും. അയോഗ്യാക്കിയതിന് രാഹുലിനെ അതേ വേദിയിൽ വീണ്ടും എത്തിച്ച്, കർണാടകയിൽ വിജയത്തിലൂടെ മറുപടി നൽകാനാണ് കോൺഗ്രസ് നീക്കം.
കോലാറിൽ രാഹുൽ ഗാന്ധി നടത്തുന്ന രാഷ്ട്രീയ പ്രസംഗവും ശ്രദ്ധേയമാകും. 2019 ലോക്സഭാ തിരഞ്ഞെടുപ്പ് പ്രചരണ വേളയിലാണ് നീരവ് മോദി , ലളിത് മോദി , നരേന്ദ്ര മോദി തുടങ്ങിയ മൂന്ന് പേരുകളും പരാമർശിച്ച്, എല്ലാ കള്ളന്മാർക്കും മോദി എന്ന് പേര് ഉണ്ടായത് എങ്ങനെയെന്ന ചോദ്യം അദ്ദേഹം ഉന്നയിച്ചത്. ഇതിനെ തുടർന്നാണ് രാഹുൽ ഗാന്ധി കോടതി കയറേണ്ടി വന്നതും പിന്നീട് അയോഗ്യത നേരിട്ടതും.
രാഹുൽ ഗാന്ധിയെ അയോഗ്യനാക്കിയതിനെതിരെ പ്രതിഷേധം കടുപ്പിക്കുകയാണ് കോൺഗ്രസ് .വൈകിട്ട് ചെങ്കോട്ട നിന്ന് ആരംഭിക്കുന്ന പന്തം കൊളുത്തി പ്രകടനത്തിൽ കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെയും ,കോൺഗ്രസ് എംപിമാരും , മുതിർന്ന നേതാക്കളും പങ്കെടുക്കും. സംസ്ഥാന തലങ്ങളിൽ പ്രതിഷേധങ്ങൾ തുടരുകയാണ്.