അധ്യക്ഷ തെരഞ്ഞെടുപ്പ്; രാഹുൽ ഗാന്ധി കർണാടകയിൽ നിന്ന് വോട്ട് ചെയ്യും
കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തും. ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിനാൽ കർണാടകയിലെ ബെല്ലാരിയിൽ നിന്നാകും അദ്ദേഹം വോട്ട് രേഖപ്പെടുത്തുക. ഒക്‌ടോബർ 17 ന് നടക്കുന്ന തെരഞ്ഞെടുപ്പിൽ സംസ്ഥാനത്തെ 40 നേതാക്കൾക്കൊപ്പം രാഹുലും വോട്ട് ചെയ്യും.
ബെല്ലാരിയിലെ ക്യാമ്പ് സ്ഥലത്ത് ഒരു പോളിംഗ് ബൂത്ത് സ്ഥാപിക്കാൻ കേന്ദ്ര തെരഞ്ഞെടുപ്പ് അതോറിറ്റി തീരുമാനിച്ചതായി എഐസിസി ജനറൽ സെക്രട്ടറി ജയറാം രമേശ് പറഞ്ഞു. കർണാടകയിലെ പിസിസി പ്രതിനിധികൾ ഒക്ടോബർ 17ന് ബെംഗളൂരുവിൽ വോട്ട് ചെയ്യുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. അധ്യക്ഷ തെരഞ്ഞെടുപ്പ് നടക്കുന്നതിനാൽ ഭാരത് ജോഡോ യാത്രയ്ക്ക് ഈ ദിവസം വിശ്രമ ദിനമായിരിക്കും.