കോൺഗ്രസ് അധ്യക്ഷ തെരഞ്ഞെടുപ്പ്: രാഹുൽ ഗാന്ധി കർണാടകയിൽ വോട്ട് ചെയ്തു
കോൺഗ്രസ് അധ്യക്ഷ സ്ഥാനത്തേക്കുള്ള തെരഞ്ഞെടുപ്പിൽ രാഹുൽ ഗാന്ധിയും മല്ലികാർജുൻ ഖാർഗെയും വോട്ട് രേഖപ്പെടുത്തി. കർണാടകയിലാണ് ഇരുവരും വോട്ട് ചെയ്തത്. നേരത്തെ അധ്യക്ഷ സോണിയ ഗാന്ധി, മുൻ പ്രധാനമന്ത്രിയും കോൺഗ്രസ് നേതാവുമായ മൻമോഹൻ സിംഗ്, ഛത്തീസ്ഗഡ് മുഖ്യമന്ത്രി ഭൂപേഷ് ബാഗേൽ, ഹരിയാന മുൻ മുഖ്യമന്ത്രി ഭൂപീന്ദർ സിംഗ് ഹൂഡ, പാർട്ടി ജനറൽ സെക്രട്ടറി പ്രിയങ്ക ഗാന്ധി തുടങ്ങിയവർ വോട്ട് രേഖപ്പെടുത്തിയിരുന്നു.
ബല്ലാരി സംഗനകല്ലുവിലെ ഭാരത് ജോഡോ യാത്രാ ക്യാമ്പ് സൈറ്റിൽ സജ്ജീകരിച്ച പോളിംഗ് ബൂത്തിലാണ് രാഹുൽ ഗാന്ധി വോട്ട് രേഖപ്പെടുത്തയത്. ബംഗളൂരു റൂറൽ എംപി ഡി.കെ സുരേഷിനൊപ്പം രാഹുൽ ഗാന്ധി ക്യൂവിൽ നിൽക്കുകയും വോട്ട് രേഖപ്പെടുത്തുകയും ചെയ്യുന്ന ചിത്രങ്ങൾ കോൺഗ്രസ് പങ്കുവെച്ചിട്ടുണ്ട്. ക്യാമ്പ് സൈറ്റിൽ പിസിസി പ്രതിനിധികളായ 40 ഓളം സഹയാത്രികരും വോട്ട് രേഖപ്പെടുത്തും. ഖാർഗെ ബെംഗളൂരുവിലെ കർണാടക പ്രദേശ് കോൺഗ്രസ് കമ്മിറ്റി ഓഫീസിൽ എത്തി വോട്ട് ചെയ്തു.