Monday, January 6, 2025
Kerala

മനുഷ്യ ജീവൻ അപഹരിക്കുന്ന റോഡ് ഡിസൈൻ സർക്കാർ മാറ്റണം; കേരളത്തിലെ റോഡുകളുടെ അവസ്ഥയെ വിമർശിച്ച് രാഹുൽ ഗാന്ധി

കേരളത്തിലെ റോഡുകളുടെ അശാസ്ത്രീയ നിർമ്മാണത്തിനെതിരെ കോൺ​ഗ്രസ് നേതാവ് രാഹുൽ ഗാന്ധി. വളവും തിരുവും ഏറെ ഉള്ള റോഡുകളുടെ ഡിസൈനെ രാഹുൽ ഗാന്ധി വിമർശിച്ചു. പദയാത്രക്കിടയിൽ മിനിറ്റിന്റെ ഇടവേളകളിൽ ആംബുലൻസുകൾ ചീറിപ്പായുന്നത് കാണുന്നു. റോഡ് അപകടങ്ങളിൽ പെട്ടവരാണ് അധികവും. അങ്ങനെയുള്ള ഡിസൈൻ ആണ് കേരളത്തിലെ റോഡുകൾക്കെന്നും മനുഷ്യ ജീവൻ അപഹരിക്കുന്ന റോഡ് ഡിസൈൻ സർക്കാർ മാറ്റണമെന്നും രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ഭാരത് ജോഡോ യാത്രയുടെ കേരള പര്യടനത്തിലെ മൂന്നാം ദിവസത്തെ സമാപനയോഗത്തില്‍ സംസാരിക്കുകയായിരുന്നു രാഹുൽ ഗാന്ധി.

അതേസമയം, കെ റെയിൽ സമരത്തിന് രാഹുല്‍ ഗാന്ധി പിന്തുണ അര്‍പ്പിച്ചു. കെ റെയിൽ വേണ്ട എന്നാണ് രാഹുലിന്‍റെ നിലപാടെന്ന് കൂടിക്കാഴ്ചയ്ക്ക് ശേഷം സമരസമിതി നേതാക്കള്‍ മാധ്യമങ്ങളോട് പ്രതികരിച്ചു. പാരിസ്ഥിതിക-സാമൂഹിക പ്രത്യാഘാതം ഗൗരവതരമെന്നും രാഹുൽ ഗാന്ധി അഭിപ്രായപ്പെട്ടു. സമര സമിതി നേതാക്കളെയാണ് രാഹുൽ ഗാന്ധി ഇക്കാര്യം അറിയിച്ചത്. ശക്തമായ പ്രതിഷേധമുണ്ടാകണമെന്ന് സമരസമിതി നേതാക്കളോട് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. ആറ്റിങ്ങലിൽ വച്ചാണ് കെ റെയിൽ വിരുദ്ധ സമര നേതാക്കൾ രാഹുൽ ഗാന്ധിയുമായി കൂടിക്കാഴ്ച നടത്തിയത്.

അതിനിടെ വെറുപ്പ് കൊണ്ട് ബിജെപി പരിഭ്രാന്തരാകുന്നുവെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു. രാജ്യം ഭയാനകമായ അന്തരീക്ഷത്തിലേക്ക് നീങ്ങുകയാണ്. ഹിന്ദുത്വത്തിൽ വിശ്വസിക്കുന്ന പാർട്ടി അശാന്തി സൃഷ്ടിക്കുന്നുവെന്നും രാഹുൽ അഭിപ്രായപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *