Friday, January 10, 2025
National

സൂര്യന് മധ്യവയസായി; ഇനി എത്രനാള്‍? സൂര്യന്റെ മരണം പ്രവചിച്ച് പഠനം

ജനനമുണ്ടെങ്കില്‍ മരണവുമുണ്ടാകുമെന്നാണ് പൊതുവേയുള്ള ഒരു വിശ്വാസം. ഇന്ന് നാം കാണുന്നതെല്ലാം എന്നെങ്കിലും ഒരിക്കല്‍ നശിക്കുമെന്ന് ഭൂരിഭാഗം പേരും വിശ്വസിക്കുന്നു. ഇങ്ങനെയാണെങ്കില്‍ സൂര്യനും ഒരുനാള്‍ ഇല്ലാതാകില്ലേ? സൂര്യന് ഇനി എത്രകാലം കൂടി ആയുസുണ്ടെന്ന ചോദ്യത്തിന് ഉത്തരം കണ്ടെത്താന്‍ ശ്രമിക്കുകയാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ജ്യോതിശാസ്ത്രജ്ഞര്‍. സൂര്യന്‍ ഇപ്പോള്‍ മധ്യവയസിലെത്തിയെന്നാണ് ഈ ശാസ്ത്രജ്ഞരുടെ കണ്ടെത്തല്‍.

സൂര്യന് പ്രായമാകുകയാണെന്ന് ഒട്ടേറ പഠനങ്ങള്‍ പറയുന്നുണ്ടെങ്കിലും യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയിലെ ഒരു കൂട്ടം ഗവേഷകരാണ് സൂര്യന്റെ ഭൂതകാലത്തേയും ഭാവിയേയും വയസിനേയും കുറിച്ച് വിശദമായ അന്വേഷണങ്ങള്‍ നടത്തിയത്. സൂര്യന് 4.57 ബില്യണ്‍ വയസ് പ്രായമുണ്ടെന്നാണ് യൂറോപ്യന്‍ സ്‌പേസ് ഏജന്‍സിയുടെ കണ്ടെത്തല്‍. അതായത് 4,570,000,000 വയസ്. സൂര്യനിപ്പോള്‍ തന്റെ സ്വസ്ഥമായ മധ്യ വയസിലാണെന്ന് ഇഎസ്എ തയാറാക്കിയ പഠനത്തില്‍ പറയുന്നു.

മധ്യവയസിലെത്തിയ സൂര്യന് ഇനിയും നിരവധി ബില്യണ്‍ വര്‍ഷങ്ങള്‍ ഇതുപോലെ തുടരാന്‍ കഴിയുമെന്നാണ് പഠനം പറയുന്നത്. എന്നാല്‍ ഒരു നാള്‍ സൂര്യനും മരിക്കും. ഇപ്പോള്‍ സ്ഥിരത നിലനിര്‍ത്തുകയും ഹൈഡ്രജനെ ഹീലിയത്തിലേക്ക് സംയോജിപ്പിക്കുന്ന പ്രക്രിയ തുടരുകയും ചെയ്യുന്ന സൂര്യന്‍ ഒരുനാള്‍ ഇന്ധനം തീര്‍ന്ന് ഒരു ചുവന്ന ഭീമനായി മാറുമെന്ന് ഇഎസ്എയുടെ പഠന റിപ്പോര്‍ട്ട് പറയുന്നു.

സൂര്യന്റെ കാമ്പിലെ ഹൈഡ്രജന്‍ ഇന്ധനം തീര്‍ന്നുപോകുമ്പോഴാണ് സൂര്യന്‍ മരിക്കുകയെന്ന് പഠനം പറയുന്നു. ഇന്ധനം തീരുന്നതോടെ സൂര്യന്റെ ഉപരിതലത്തിലെ താപനില കുറയുന്നു. ഇങ്ങനെ ഒടുവില്‍ സൂര്യന്‍ മരിക്കുകയും ചുവന്ന ഭീമനാകുകയും ചെയ്യുമെന്നാണ് പഠനം കണ്ടെത്തിയിരിക്കുന്നത്.

800 കോടി വര്‍ഷങ്ങള്‍ക്കുള്ളില്‍ സൂര്യന്റെ ഊഷ്മാവ് പരമാവധിയാകുമെന്നാണ് കണ്ടെത്തല്‍. 1000 കോടി മുതല്‍ 1100 കോടി വരെ വര്‍ഷം സൂര്യന് ഇങ്ങനെതന്നെ നിലനില്‍ക്കാനാകും. ഓരോ 100 കോടി വര്‍ഷം കഴിയുമ്പോഴും സൂര്യന്റെ വെളിച്ചവും ചൂടും പത്ത് ശതമാനം കൂടും. ഇത് സൂര്യന്റെ അന്ത്യത്തിന് വഴിയൊരുക്കുമെന്നാണ് പഠനം പറയുന്നത്.

 

Leave a Reply

Your email address will not be published. Required fields are marked *