കോവിഷീല്‍ഡ് വാക്‌സിന്റെ പ്രതിരോധം നാലു മാസമെന്ന് പഠനം; ബൂസ്റ്റര്‍ ഡോസ് വേണ്ടിവരും
ന്യൂഡല്‍ഹി: കൊവിഡ് വാക്‌സിന്‍ സ്വീകരിച്ചവരില്‍ ആന്റി ബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി പഠനം. ഇതിനെ നേരിടാന്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിനേഷന്‍ കൂടി വേണ്ടിവരും എന്നാണ് പഠനം സൂചിപ്പിക്കുന്നത്.
വാക്സിന്‍ സ്വീകരിച്ച് മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായാണ് കണ്ടെത്തിയിരിക്കുന്നത്. ഭുവനേശ്വര്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന റീജ്യണല്‍ മെഡിക്കല്‍ റിസര്‍ച്ച് സെന്ററാണ് പഠനം നടത്തിയത്.
രാജ്യത്ത് സാധാരണയായി നല്‍കി വരുന്ന കോവിഷീല്‍ഡ്, കോവാക്സിന്‍ എന്നിവയെ അടിസ്ഥാനമാക്കി നടത്തിയ പഠനത്തിലാണ് പുതിയ കണ്ടെത്തല്‍. രണ്ടു ഡോസ് വാക്സിന്‍ സ്വീകരിച്ച 614 ആരോഗ്യപ്രവര്‍ത്തകരിലാണ് ഗവേഷണം നടത്തിയത്. ബ്രേക്ക്ത്രൂ ഇന്‍ഫക്ഷന്‍ ഇതുവരെ വരാത്ത ഇവരില്‍ മൂന്നോ നാലോ മാസം കഴിയുമ്പോള്‍ ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറയുന്നതായി ഗവേഷകര്‍ കണ്ടെത്തി.
614 പേരില്‍ 308 പേര്‍ കോവിഷീല്‍ഡ് വാക്സിനാണ് സ്വീകരിച്ചത്. ഇതില്‍ 533 പേരുടെ ഗവേഷണ റിപ്പോര്‍ട്ടാണ് പുറത്തുവന്നത്. ഇവരില്‍ കൊവിഡിനെതിരെയുള്ള ആന്റിബോഡിയുടെ അളവ് ഗണ്യമായി കുറഞ്ഞതായി കണ്ടെത്തിയതായി പഠനറിപ്പോര്‍ട്ട് വ്യക്തമാക്കുന്നു. കോവിഷീല്‍ഡിനെ അപേക്ഷിച്ച് കോവാക്സിന്‍ കൂടുതല്‍ ആന്റിബോഡി ഉല്‍പ്പാദിപ്പിക്കാന്‍ ശരീരത്തെ പ്രേരിപ്പിക്കുന്നതായും കണ്ടെത്തിയിട്ടുണ്ട്.
അതേസമയം, ചില രാജ്യങ്ങളില്‍ ബൂസ്റ്റര്‍ ഡോസ് വാക്‌സിന്‍ നല്‍കുന്നുണ്ടെന്നും ഈ മാതൃകയില്‍ ഇന്ത്യയിലും ബൂസ്റ്റര്‍ ഡോസ് വേണ്ടിവരുമെന്നും സെന്ററിലെ ഡയറക്ടര്‍ സംഗമിത്ര പതി പറഞ്ഞു. ആറുമാസത്തിന് ശേഷം വീണ്ടും ആന്റിബോഡി പരിശോധന നടത്തിയാലേ ബൂസ്റ്റര്‍ ഡോസ് വേണ്ടിവരുമോ ഇല്ലയോ എന്ന് വ്യക്തത വരുത്താനാകൂ. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലായി പഠനം നടക്കുന്നുണ്ട്.