മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നും പ്രകടനത്തിൽ സിപിഐഎം പ്രവർത്തകർക്കും പങ്കുണ്ട്: കെ സുധാകരൻ
മട്ടന്നൂർ നഗരസഭയിലെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഐഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ടെന്ന് കെ സുധാകരൻ. സ്വന്തം മനസ്സാക്ഷിയുടെ വിലയേറിയ അംഗീകാരം യുഡിഎഫിന് രേഖപ്പെടുത്തിയ പ്രബുദ്ധ ജനതയ്ക്ക് ഹൃദയം നിറഞ്ഞ നന്ദിയെന്ന് കെ സുധാകരൻ വ്യക്തമാക്കി.
സിപിഐഎം ചെങ്കോട്ടയെന്ന് അവകാശപ്പെടുന്ന മട്ടന്നൂരിന്റെ മാറുന്ന രാഷ്ട്രീയമാണ് ഫലത്തിൽ പ്രതിഫലിച്ചതെന്ന് സുധാകരൻ പറഞ്ഞു. 35 വാർഡിലേക്ക് നടന്ന തെരഞ്ഞെടുപ്പിൽ എൽഡിഎഫ് 21 സീറ്റിലും യുഡിഎഫ് 14 സീറ്റിലുമാണ് വിജയിച്ചത്. ഇടതു മുന്നണിയുടെ ഏഴ് വാർഡുകളാണ് യുഡിഎഫ് പിടിച്ചെടുത്തത്.
‘കേരളത്തെ ഇന്ത്യയുടെ ”കൊവിഡ് ഹബ്ബ് ‘ ആക്കി നാണംകെടുത്തിയ കെ കെ ഷൈലജ പോലും വൻ ഭൂരിപക്ഷത്തിൽ ജയിച്ച മട്ടന്നൂരിലെ യുഡിഎഫിന്റെ മിന്നുന്ന പ്രകടനത്തിൽ പിണറായിയുടെ ധാർഷ്ട്യത്തിലും അഴിമതിയിലും മനം മടുത്ത സിപിഐഎം പ്രവർത്തകർക്ക് കൂടി പങ്കുണ്ട്. ഇരുൾ നിറഞ്ഞ പാർട്ടി ഗ്രാമങ്ങളിൽ ജനാധിപത്യത്തിന്റെ വെള്ളിവെളിച്ചം അരിച്ചു കേറുന്നു.’ ഫേസ്ബുക്കിലൂടെയാണ് കെ സുധാകരന്റെ പ്രതികരണം.