Tuesday, January 7, 2025
National

ഹിൻഡൻബെർഗ് റിപ്പോർട്ട് പുറത്ത് വന്നിട്ട് ഒരു മാസമാകുന്നു; നഷ്ടങ്ങളുടെ കാലം, കരകയറാതെ അദാനി

ദില്ലി: ഹിൻഡൻബെർഗ് റിസർച്ച് റിപ്പോർട്ട് പുറത്ത് വന്ന് ഒരു മാസം ആകുമ്പോഴും ഓഹരി വിപണിയിൽ അദാനിക്ക് രക്ഷയില്ല. ഇന്നും അദാനിയുടെ ഓഹരികളെല്ലാം നഷ്ടം നേരിടുകയാണ്. ഇതുവരെ വിപണിയിൽ നിന്നുണ്ടായ നഷ്ടം 11 ലക്ഷം കോടി കടന്നു.

ജനുവരി 25നാണ് ഹിൻഡൻബർഗ് റിസർച്ച് വൻ വെളിപ്പെടുത്തലുകളുമായി അദാനിക്കെതിരായ റിപ്പോർട്ട് പുറത്ത് പുറത്ത് വിടുന്നത്. അതിന് തലേന്ന് അദാനിയുടെ ആകെ ഓഹരി മൂല്യം 19.2 ലക്ഷം കോടി രൂപയായിരുന്നു. റിപ്പോർട്ടിന് പിന്നാലെ ദിനം ദിനം ഓഹരി മൂല്യം കൂപ്പ് കുത്തി. ഒടുവിൽ അത് 8.2 ലക്ഷം കോടി രൂപയിൽ എത്തി നിൽക്കുന്നു. അതായത് 11 ലക്ഷം കോടി രൂപയുടെ ഇടിവ്. ശതമാനത്തിൽ പറഞ്ഞാൽ 57 ശതമാനം ഇടിഞ്ഞു. അദാനിയുടെ മുഖ്യ കമ്പനിയായ അദാനി എന്‍റെർപ്രൈസസ് അതിന്‍റെ ഏറ്റവും വലിയ ഉയരത്തിൽ നിന്ന് 61 ശതമാനം താഴേക്ക് വീണു. അദാനിയുടെ പ്രധാന വരുമാന മാർഗമായ അദാനി പോർട്സും 40 ശതമാനം തകർച്ച നേരിട്ടു.

ഓഹരി മൂല്യം ഇടിഞ്ഞത് അദാനിയുടെ വായ്പാ ബാധ്യതയും ഒരു തരത്തിൽ കൂട്ടി. ബാങ്കുകളുടെ സമ്മർദ്ദം കുറയ്ക്കാനും നിക്ഷേപകരുടെ വിശ്വാസം നിലനിർത്താനും ചില വായ്പകൾ തിരിച്ചടയ്ക്കുന്നുണ്ട്. തിങ്കളാഴ്ച എസ്ബിഐ മ്യൂച്ചൽ ഫണ്ടിന് 1500 കോടി രൂപ തിരിച്ച് നൽകിയതാണ് അതിൽ ഒടുവിലത്തേത്. ചുരുക്കത്തിൽ ഓഹരിയും ബോണ്ടുകളും വച്ച് വായ്പ എടുക്കാൻ നിലവിൽ ബുദ്ധിമുട്ടായതിനാൽ വൻകിട പദ്ധതികൾ പുതുതായി തുടങ്ങാൻ പറ്റാത്ത അവസ്ഥയിൽ കൂടിയാണ് അദാനി ഗ്രൂപ്പ്.

Leave a Reply

Your email address will not be published. Required fields are marked *