ലോക സമ്പന്നരില്‍ ആദ്യ പത്തില്‍ നിന്ന് അദാനി പുറത്ത്
ലോകത്തെ ധനികരുടെ പട്ടികയില്‍ ആദ്യ പത്തില്‍ നിന്ന് പുറത്തായി അദാനി ഗ്രൂപ്പ് ചെയർമാൻ ഗൗതം അദാനി. ബ്ലൂംബെര്‍ഗിന്റെ കോടീശ്വരന്മാരുടെ പട്ടികയില്‍ നാലാം സ്ഥാനത്ത് നിന്ന് 11ലേക്കാണ് അദാനി വീണത്. മൂന്ന് ദിവസത്തിനിടെ 3,400 കോടി ഡോളറിന്റെ വ്യക്തിപരമായ നഷ്ടമാണ് അദാനിക്കുണ്ടായത്. ഇതോടെ ഏഷ്യയിലെ സമ്പന്നരില്‍ ഒന്നാമനെന്നെ സ്ഥാനവും അദാനിക്ക് നഷ്ടപ്പെട്ടേക്കും.
റിലയന്‍സ് ഇന്‍ഡസ്ട്രീസ് ചെയര്‍മാന്‍ മുകേഷ് അംബാനിയേക്കാളും ഒരു പടി മാത്രം മുന്നിലാണ് അദാനിയുള്ളത്. 84.4 ബില്യണ്‍ ഡോളറാണ് അദാനിയുടെ മൂല്യം. 82.2 ബില്യണ്‍ ഡോളറാണ് മുകേഷ് അംബാനിയുടെ മൂല്യം.
പുതിയ പട്ടിക പ്രകാരം മെക്‌സികന്‍ വ്യവസായി കാര്‍ലോസ് സ്ലിം, ഗൂഗിള്‍ സഹസ്ഥാപകന്‍ സെര്‍ജി ബ്രിന്‍, മൈക്രോ സോഫ്റ്റ് മുന്‍ സി.ഇ.ഒ. സ്റ്റീവ് ബാല്‍മെര്‍ എന്നിവര്‍ക്ക് പിന്നലാണ് അദാനി. ബെര്‍നാള്‍ഡ് ആര്‍നോള്‍ട്ട്, ഇലോണ്‍ മസ്‌ക്, ജെഫ് ബെസോസ് എന്നിവരാണ് പട്ടികയില്‍ ആദ്യ മൂന്ന് സ്ഥാനത്ത്.
അതേസമയം അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്ന തങ്ങളുടെ റിപ്പോര്‍ട്ടില്‍ ഉറച്ചുനില്‍ക്കുന്നുവെന്ന് യുഎസ് ഫിനാന്‍ഷ്യല്‍ റിസര്‍ച്ച് സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗ് വ്യക്തമാക്കിയിട്ടുണ്ട്.