Monday, January 6, 2025
National

‘നിക്ഷേപകരിലാകെ അനാവശ്യഭീതി ഉണ്ടാക്കി’ഹിൻഡൻബെർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്

മുംബൈ:ഓഹരി വിപണിയിൽ കനത്ത തിരിച്ചടി നേരിട്ടതിന് പിന്നാലെ ഹിൻഡെൻബർഗ് റിസർച്ചിനെതിരെ നിയമ നടപടിക്കൊരുങ്ങി അദാനി ഗ്രൂപ്പ്. ഇന്ത്യയിലേയും അമേരിക്കയിലെയും നിയമ സാധ്യതകൾ പരിശോധിക്കുകയാണെന്ന് കമ്പനി വാർത്താക്കുറിപ്പ് ഇറക്കി. അദാനി എന്‍റെർപ്രസസിന്‍റെ FPO അട്ടിമറിക്കാനുള്ള ശ്രമമാണ് ഹിൻഡൻബെർഗ് റിസർച്ച് ഒരു റിപ്പോർട്ട് പുറത്ത് വിട്ട് നടത്തിയതെന്ന് കമ്പനി ആരോപിക്കുന്നു.

ഒറ്റ ദിവസം ഏതാണ്ട് എഴുപത്തിനാലായിരം കോടി രൂപയുടെ ഇടിവാണ് ഓഹരി വിപണിയിൽ നിന്ന് അദാനി ഗ്രൂപ്പ് നേരിട്ടത്. അദാനിയുടെ ലിസ്റ്റ് ചെയ്ത കമ്പനികളെല്ലാം ഇടിവ് നേരിട്ടു. ചിലത് 8 ശതമാനത്തിലേറെ. ഓഹരി വിപണിയും ആ ഭുകമ്പത്തിൽ കിടുങ്ങി. അദാനി ഗ്രൂപ്പിന്‍റെ ക്രമക്കേടുകൾ എണ്ണിപ്പറഞ്ഞ് ഹിൻഡെൻബർഗ് റിസർച്ചിന്‍റെ റിപ്പോർട്ട് പുറത്ത് വന്നതിന് പിന്നാലെ നിക്ഷേപകർ ഓഹരികൾ വിറ്റൊഴിച്ച് തുടങ്ങിയപ്പോൾ തന്നെ അദാനി ഗ്രൂപ്പ് വാർത്താക്കുറിപ്പ് ഇറക്കിയിരുന്നു. റിപ്പോർട്ട് നുണയെന്ന് വാദിച്ചെങ്കിലും ഇന്നലത്തെ വീഴ്ചയെ അതിന് തടയാനായില്ല.

ഇന്ന് രണ്ടാമതൊരു വാർത്താക്കുറിപ്പിറക്കിയപ്പോൾ അത് ഹിൻഡെൻബർഗ് റിസർച്ചിനുള്ള മുന്നറിയിപ്പാണ്. നിയമ നടപടി ഉറപ്പെന്ന് അദാനി ഗ്രൂപ്പ് പറയുന്നു.ഓഹരി വിപണിയിൽ നിന്ന് 20000 കോടി രൂപ സമാഹരിക്കാനായി അദാനി എന്‍റെർപ്രസസിന്‍റെ FPO നാളെ നടക്കാൻ പോവുന്നു. ഇത് അട്ടിമറിക്കാനുള്ള ശ്രമമാണ് നടന്നത്. അനാവശ്യഭീതി നിക്ഷേപകരിലാകെ റിപ്പോർട്ട് ഉണ്ടാക്കി.വിദേശ ഇടപെടൽ അനുവദിച്ച് കൊടുക്കാനാകില്ലെന്നും വാർത്താക്കുറിപ്പിൽ പറയുന്നു. അദാനി ഗ്രൂപ്പിന്‍റെ ഓഹരി മൂല്യം പെരുപ്പിച്ച് കാണിക്കുന്നതാണെന്നാണ് ഹിൻഡൻബർഗ് റിസർച്ചിന്‍റെ പ്രധാന കണ്ടെത്തൽ. ഈ ഓഹരികൾ വച്ച് വൻ തുക വായ്പ എടുത്തെന്നും അദാനി കുടുബത്തിന് വിദേശത്ത് ഷെൽ കമ്പനികളിൽ നിക്ഷേപമുണ്ടെന്നും റിപ്പോർട്ട് വെളിപ്പെടുത്തുന്നു.

Leave a Reply

Your email address will not be published. Required fields are marked *