Tuesday, January 7, 2025
National

തട്ടിപ്പ് ആരോപണം തള്ളി അദാനി ഗ്രൂപ്പ്; ഹിൻഡൻബർഗ് റിപ്പോർട്ട് വാസ്തവവിരുദ്ധം

ദില്ലി: ഹിൻഡൻബർഗ് റിപ്പോർട്ടിനെതിരെ ആഞ്ഞടിച്ച് അദാനി ഗ്രൂപ്പ്. റിപ്പോർട്ടിൽ പറയുന്നത് വസ്തുതാവിരുദ്ധമായ കാര്യങ്ങളാണെന്ന് അദാനി ഗ്രൂപ്പ് പറഞ്ഞു. തങ്ങളെ ബന്ധപ്പെടാനോ വസ്തുതകൾ പരിശോധിക്കാനോ ശ്രമിക്കാതെ ജനുവരി 24 ന് ഹിൻഡൻബർഗ് റിസർച്ച് റിപ്പോർട്ട് പുറത്തുവിട്ടതായി അദാനി ഗ്രൂപ്പ് ആരോപിച്ചു.

യുഎസിലെ ഗവേഷണ സ്ഥാപനമായ ഹിന്‍ഡന്‍ബര്‍ഗിന്റെ ഗവേഷണ റിപ്പോർട്ട് അനുസരിച്ച് ഓഹരി വിപണിയിൽ അദാനി ഗ്രൂപ് ഓഹരികളുടെ വില പെരുപ്പിച്ച് കാണിക്കുകയാണ്. അദാനി ഗ്രൂപ്പിന്റെ വിവിധ കമ്പനികളുടെ പ്രകടനം താഴേക്ക് പോവുമ്പോഴും ഓഹരി വില പെരുപ്പിച്ച് കാണിച്ചെന്നും 85 ശതമാനത്തോളം ഉയര്‍ന്ന തുകയിലാണ് അദാനി ഗ്രൂപ്പ് ഓഹരികളുടെ വ്യാപാരം നടക്കുന്നതെന്നും റിപ്പോർട്ടിൽ പറയുന്നു.

അതേസമയം ‘ഇന്ത്യയിലെ പരമോന്നത കോടതികൾ പരിശോധിക്കുകയും വസ്തുത വിരുദ്ധമെന്ന് കണ്ട് നിരസിക്കുകയും ചെയ്ത തെറ്റായ വിവരങ്ങളാണ് റിപ്പോർട്ട് ഇപ്പോൾ ചൂണ്ടിക്കാണിക്കുന്നത്, അടിസ്ഥാനരഹിതവും കമ്പനിയെ അപകീർത്തിപ്പെടുത്താത്തതുമായ ആരോപണങ്ങളാണ് ഇതെന്നും അദാനി ഗ്രൂപ്പിന്റെ സൽപ്പേരിന് തുരങ്കം വയ്ക്കാനുള്ള ദുരുദ്ദേശ്യവുമാണ് ഇതിന്ന് പിന്നിലെന്നും അദാനി ഗ്രൂപ്പ് വ്യക്തമാക്കി. ഇന്ത്യയിലെ എക്കാലത്തെയും വലിയ എഫ്‌പിഒ ആണ് അദാനി ഗ്രൂപ്പ് നടത്താൻ പോകുന്നത്. വരാനിരിക്കുന്ന ഫോളോ-ഓൺ പബ്ലിക് ഓഫറിംഗിനെ തകർക്കുക എന്നതാണ് ഈ റിപ്പോർട്ടിന് പിറകിലെ പ്രധാന ലക്ഷ്യം. സാമ്പത്തിക വിദഗ്ധരും പ്രമുഖ ദേശീയ, അന്തർദേശീയ പ്രമുഖരും തയ്യാറാക്കിയ വിശദമായ വിശകലനങ്ങളുടെയും റിപ്പോർട്ടുകളുടെയും അടിസ്ഥാനത്തിൽ നിക്ഷേപക സമൂഹം എല്ലായ്പ്പോഴും അദാനി ഗ്രൂപ്പിൽ വിശ്വാസം അർപ്പിച്ചിട്ടുണ്ട്” അദാനി ഗ്രൂപ്പിലെ ഗ്രൂപ്പ് സിഎഫ്ഒ ജുഗേഷിന്ദർ സിംഗ് പറഞ്ഞു.

യുഎസ് ആസ്ഥാനമായുള്ള നിക്ഷേപ ഗവേഷണ സ്ഥാപനമായ ഹിൻഡൻബർഗ് രണ്ട് വർഷത്തെ അന്വേഷണത്തിന് ശേഷം ചൊവ്വാഴ്ച അദാനിയുടെ കമ്പനികളെക്കുറിച്ചുള്ള റിപ്പോർട് പുറത്തുവിട്ടു. ഇതിനെ തുടർന്ന് 46000 കോടി രൂപയുടെ ഇടിവാണ് കമ്പനി നേരിട്ടത്. ഇന്ന് കമ്പനിക്ക് അഞ്ച് ശതമാനത്തോളം ഇടിവാണ് ഉണ്ടായത്. അദാനി വിൽമർ, അദാനി പോർട്സ്, അദാനി എന്റർപ്രൈസസ്, അദാനി ട്രാൻസ്മിഷൻ, അദാനി ഗ്രീൻ എനർജി, എസിസി, അംബുജ സിമന്റ് ഓഹരികൾ നഷ്ടത്തിലാണ്. അദാനി പോർട്സ് 7.3 ശതമാനം, അദാനി എന്റർപ്രൈസസ് 3.7 ശതമാനം, അദാനി ട്രാൻസ്മിഷൻ 8.75 ശതമാനം, അദാനി ഗ്രീൻ എനർജി 3.40 ശതമാനം, എസിസി 7.2 ശതമാനം, അംബുജ സിമന്റ് 9.7 ശതമാനം, അദാനി വിൽമർ 4.99 ശതമാനം എന്നിങ്ങനെ ഇടിഞ്ഞു.

Leave a Reply

Your email address will not be published. Required fields are marked *