Monday, January 6, 2025
National

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററി: വിശദീകരണവുമായി ബിബിസി

ഗുജറാത്ത് കലാപവുമായി ബന്ധപ്പെട്ട ഡോക്യുമെന്ററിയില്‍ വിശദീകരണവുമായി ബിബിസി. വിവാദ വിഷയങ്ങളില്‍ ഇന്ത്യയോട് നിലപാട് തേടിയിരുന്നെന്നാണ് ബിബിസിയുടെ വിശദീകരണം. സര്‍ക്കാര്‍ വിഷയത്തില്‍ നിലപാട് പറയാന്‍ തയാറായില്ല. ബിജെപി നേതാക്കളുടെ അഭിപ്രായം ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയെന്നും ബിബിസി പറയുന്നു. വിശദമായ ഗവേഷങ്ങള്‍ക്കൊടുവിലാണ് ഡോക്യുമെന്ററി തയാറാക്കിയതെന്നുമാണ് ബിബിസിയുടെ വിശദീകരണം.

ബിബിസി തയാറാക്കിയ ഇന്ത്യ: ദി മോദി ക്വസ്റ്റിയന്‍ എന്ന രണ്ട് ഭാഗങ്ങളുള്ള ഡോക്യുമെന്ററിയാണ് വിവാദങ്ങള്‍ക്ക് വഴിവച്ചത്. 2002ലെ ഗുജറാത്ത് കലാപത്തില്‍ അന്നത്തെ ഗുജറാത്ത് മുഖ്യമന്ത്രിയായിരുന്ന നരേന്ദ്രമോദിക്ക് പങ്കുണ്ടെന്ന് സൂചിപ്പിക്കുന്ന ഡോക്യുമെന്ററി ബ്രിട്ടീഷ് പാര്‍ലമെന്റില്‍ വരെ ചര്‍ച്ചയാകുകയായിരുന്നു. ബ്രിട്ടീഷ് എംപി ഇമ്രാന്‍ ഖുസൈനാണ് ഡോക്യുമെന്ററിയില്‍ ബ്രിട്ടീഷ് പ്രധാനമന്ത്രിയുടെ നിലപാട് ആരാഞ്ഞത്. ചർച്ചയിൽ നരേന്ദ്ര മോദിയെ പിന്തുണയ്ക്കുന്ന നിലപാടാണ് ബ്രിട്ടീഷ് പ്രധാനമന്ത്രി ഋഷി സുനക് സ്വീകരിച്ചിരിക്കുന്നത്.

ഡോക്യുമെന്ററി വിവാദത്തില്‍ ഇന്ത്യയുടെ വിദേശകാര്യ മന്ത്രാലയം വക്താവ് അരിന്ദം ബാഗ്ചി ഇന്നലെ മന്ത്രാലയത്തിന്റെ നിലപാട് വ്യക്തമാക്കിയിരുന്നു. ഡോക്യുമെന്ററി ഒരു പ്രചരണവസ്തു മാത്രമാണെന്നും ഡോക്യുമെന്ററി കൊളോണിയല്‍ മനോഭാവമാണ് തെളിയിക്കുന്നതെന്നുമായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. ഡോക്യുമെന്ററിയുടെ ഉള്ളടക്കം കൃത്യമായി പക്ഷപാതിത്വപരമാണെന്നും വ്‌സ്തുനിഷ്ഠതയില്ലാത്ത സമീപനമാണ് ബിബിസി സ്വീകരിച്ചിരിക്കുന്നതെന്നും ഇന്ത്യ വിമര്‍ശിച്ചു. ഇന്ദിരാഗാന്ധി വധത്തിനുശേഷം ഖാലിസ്ഥാന്‍വാദികളുടെ പ്രതികരണം രേഖപ്പെടുത്തിയത് ഉള്‍പ്പെടെ ഉദാഹരണമായി ചൂണ്ടിക്കാട്ടിയാണ് വിദേശകാര്യ മന്ത്രാലയം ബിബിസിയെ രൂക്ഷമായി വിമര്‍ശിച്ചത്.

എന്നാല്‍ വസ്തുനിഷ്ഠതയില്‍ വിട്ടുവീഴ്ച വരുത്തിയിട്ടില്ലെന്നും കലാപത്തിന്റെ ഇരകളുടേയും സാക്ഷികളുടേയും വിദഗ്ധരുടേയും രാഷ്ട്രീയ പാര്‍ട്ടികളുടെ നേതാക്കളുടേയും അഭിപ്രായങ്ങള്‍ ഡോക്യുമെന്ററിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് ബിബിസിയുടെ വാദം. കേന്ദ്രസര്‍ക്കാരിന് പ്രതികരിക്കാന്‍ അവസരം നല്‍കിയെങ്കിലും അവര്‍ പ്രതികരിക്കാന്‍ തയാറല്ലെന്ന് അറിയിക്കുകയുമായിരുന്നെന്ന് ബിബിസി വ്യക്തമാക്കി.

Leave a Reply

Your email address will not be published. Required fields are marked *