ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കും; പ്രധാനമന്ത്രി ഷാങ്ഹായ് ഉച്ചകോടിയിൽ
ഇന്ത്യയെ ഉത്പാദന കേന്ദ്രമാക്കുമെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദി ഷാങ്ഹായ് ഉച്ചകോടിയിൽ പറഞ്ഞു. അംഗങ്ങൾക്കിടയിലെ പരസ്‌പര വിശ്വാസത്തെ പിന്തുണയ്ക്കുന്നു. ഈ വർഷം ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ 7.5% വളർച്ച കൈവരിക്കും. ജനകേന്ദ്രീകൃത വികസന മാതൃകയിലാണ് ഇന്ത്യ ശ്രദ്ധ കേന്ദ്രികരിക്കുന്നതെന്ന് പ്രധാനമന്ത്രി വ്യകത്മാക്കി.ഷാങ്ഹായി സഹകരണ സംഘടനയുടെ അടുത്ത ഒരു വർഷത്തെ അദ്ധ്യക്ഷ പദവി ഉച്ചകോടിയിൽ ഇന്ത്യയ്ക്ക് കൈമാറും.
യുക്രൈയ്നിലെ സംഘർഷവും കൊവിഡും ആഗോള തലത്തിൽ ഊർജ്ജ, ഭക്ഷ്യ വിതരണത്തെ ബാധിച്ചിട്ടുണ്ടെന്ന് മോദി ചൂണ്ടിക്കാട്ടി. പ്രതിസന്ധികൾക്കിടയിലും ഇന്ത്യയുടെ സമ്പദ് വ്യവസ്ഥ അതിവേഗം വളരുന്നു എന്ന് മോദി വ്യക്തമാക്കി.
ഉസ്‌ബെക്കിസ്താനിലെ സമര്‍ക്കന്തില്‍ നടക്കുന്ന രണ്ടുദിവസത്തെ ഉച്ചകോടിക്ക് ഇന്നലെയാണ് തുടക്കമായത്. റഷ്യന്‍ പ്രസിഡന്റ് പുടിനുമായി പ്രധാനമന്ത്രി നരേന്ദ്രമോദി കൂടിക്കാഴ്ച നടത്താന്‍ സാധ്യതയുണ്ടെന്നാണ് റിപ്പോര്‍ട്ടുകള്‍. കൂടാതെ ഇറാന്‍, ഉസ്‌ബെക്ക് പ്രസിഡന്റുമാരുമായും നരേന്ദ്രമോദി കൂടിക്കാഴ്ച നടത്തും.
വ്യാപാര, സാമ്പത്തിക, സാംസ്‌കാരിക വിഷയങ്ങളും കൂടിക്കാഴ്ചകളില്‍ ചര്‍ച്ചയാകുമെന്ന് പ്രധാനമന്ത്രി പ്രസ്താവനയിലൂടെ അറിയിച്ചു. എസ്‌സിഒയുടെ 22-ാമത് യോഗമാണ് നടന്നുവരുന്നത്. സംഘടനയുടെ അധ്യക്ഷനായ ഉസ്‌ബെക്കിസ്താന്‍ പ്രസിഡന്റ് ഷവ്കത് മിര്‍സിയോയേവിന്റെ ക്ഷണം സ്വീകരിച്ചാണ് പ്രധാനമന്ത്രി നരേന്ദ്രമോദി ഉച്ചകോടിക്കെത്തിയത്.