രാജസ്ഥാനിൽ കോൺഗ്രസ് തുടർഭരണം നേടും; പാർട്ടിയിൽ തർക്കങ്ങളില്ല ‘ : സച്ചിൻ പൈലറ്റ്
രാജസ്ഥാൻ കോൺഗ്രസിൽ തർക്കങ്ങളിൽ ഇല്ലെന്ന് സച്ചിൻ പൈലറ്റ് ട്വന്റിഫോറിനോട്. രാജസ്ഥാനിൽ കോൺഗ്രസ് തുടർഭരണം നേടുമെന്നും 30 വർഷത്തെ ചരിത്രം തിരുത്തിയാകും തുടർഭരണമെന്നും സച്ചിൻ പൈലറ്റ് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
ചൈനീസ് അധിനിവേശ വിഷയത്തിലും സച്ചിൻ പൈലറ്റ് നിലപാട് വ്യക്തമാക്കി. ചൈനയുടെ കടന്നുകയറ്റശ്രമം കേന്ദ്ര സർക്കാർ ചർച്ചയ്ക്ക് തയ്യാറാകണമെന്നും, കേന്ദ്രത്തിന്റേത് ഒഴിഞ്ഞു മാറുന്ന സമീപനമാണെന്നും സച്ചിൻ പൈലറ്റ് ആരോപിച്ചു. നയപരമായ നടപടികളിലേക്ക് കടക്കുമ്പോൾ പാർലമെന്റിനെ വിശ്വാസത്തിലെടുക്കണമെന്നും ചർച്ചയ്ക്ക് തയ്യാറാകാത്തത് ചിലത് മറയ്ക്കാൻ ഉള്ളതുകൊണ്ടാണെന്നും അദ്ദേഹം തുറന്നടിച്ചു. സൈന്യത്തിനൊപ്പം രാജ്യം ഒന്നടങ്കം ഉണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.
അതേസമയം, 2024 ൽ കോൺഗ്രസിന്റെ മടങ്ങിവരവിന് ഭാരത് ജോഡോ യാത്ര ഊർജം പകരുമെന്നും ഹിന്ദി ബെൽറ്റുകളിൽ യാത്രയ്ക്ക് മികച്ച പ്രതികരണമാണെന്നും
പ്രസക്തമായ ചോദ്യങ്ങൾ ഉയർത്തിയാണ് യാത്ര തുടരുന്നതെന്നും സച്ചിൻ പൈലറ്റ് വ്യക്തമാക്കി.