Tuesday, January 7, 2025
National

ബുദ്ധഭിക്ഷുകിയുടെ വേഷത്തില്‍ ഡൽഹിയിൽ കഴിഞ്ഞത് ചാര വനിതയോ? ചൈനീസ് യുവതി അറസ്റ്റില്‍

രാജ്യതലസ്ഥാനത്ത് നിന്നും ചൈനീസ് യുവതിയെ ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. വ്യാജ തിരിച്ചറിയൽ കാർഡ് ഉപയോഗിച്ച് ഇന്ത്യയിൽ താമസിക്കുകയും, ചാരവൃത്തി നടത്തിയെന്നുമാണ് ഇവർക്കെതിരായ ആരോപണം. കായ് റുവോ എന്നാണ് പ്രതിയുടെ പേര്.

‘മജ്‌നു കാ തില’ പ്രദേശത്തെ ബുദ്ധ അഭയാർത്ഥി സെറ്റിൽമെന്റിൽ നിന്നുമാണ് ചൈനീസ് ചാര സ്ത്രീയെ അറസ്റ്റ് ചെയ്തത്. യുവതി നേപ്പാൾ വഴി ഇന്ത്യയിൽ എത്തിയെന്നാണ് സംശയം. മൂന്ന് വർഷമായി ബുദ്ധ സന്യാസിയുടെ വേഷത്തിലായിരുന്നു യുവതി താമസിച്ചിരുന്നത്. കൈ റുവോയിൽ നിന്ന് ചില രേഖകളും കണ്ടെത്തിയിട്ടുണ്ട്. വ്യാജ തിരിച്ചറിയൽ കാർഡും പിടിച്ചെടുത്തു. ഇതിൽ പേര് ഡോൾമ ലാമ എന്നും വിലാസം കാഠ്മണ്ഡു എന്നും പറയുന്നുണ്ട്.

ഫോറിൻ രജിസ്ട്രേഷൻ ഓഫീസിന്റെ (എഫ്ആർആർഒ) അന്വേഷണത്തിൽ യുവതി ചൈനയിലെ ഹൈനാൻ പ്രവിശ്യയിൽ താമസിക്കുന്നയാളാണെന്ന് കണ്ടെത്തി. യുവതിക്ക് ഇംഗ്ലീഷ്, മന്ദാരിൻ, നേപ്പാളി എന്നീ മൂന്ന് ഭാഷകളിൽ അറിവുണ്ട്. ചോദ്യം ചെയ്യലിൽ ചൈനീസ് കമ്മ്യൂണിസ്റ്റ് പാർട്ടി നേതാക്കൾ തന്നെ കൊല്ലാൻ ശ്രമിക്കുകയാണെന്നും അവരിൽ നിന്ന് രക്ഷപ്പെടാനാണ് ഇന്ത്യയിൽ വന്നതെന്നും യുവതി മൊഴി നൽകി. യുവതിയുമായി ബന്ധപ്പെട്ട കൂടുതൽ വിവരങ്ങൾ ഡൽഹി പൊലീസ് ശേഖരിച്ചു തുടങ്ങിയിട്ടുണ്ട്.

പ്രതിയുടെ സഹായികൾക്കായി പൊലീസ് അന്വേഷണം വ്യാപിപ്പിച്ചിരിക്കുകയാണ്. ഫോറിൻ രജിസ്‌ട്രേഷൻ ഓഫീസ് പറയുന്നതനുസരിച്ച്, ചൈനീസ് യുവതി കെയ് റൂവോ 2019 ൽ ചൈനീസ് പാസ്‌പോർട്ടിൽ ഇന്ത്യയിലെത്തി. ഇതിനുശേഷം ഒരു ബുദ്ധ സന്യാസിയെപ്പോലെ തല മൊട്ടയടിക്കുകയും അവരെപ്പോലെ പരമ്പരാഗത കടും ചുവപ്പ് വസ്ത്രങ്ങൾ ധരിച്ച് മജ്‌നു കാ തില പ്രദേശത്ത് താമസം ആരംഭിക്കുകയും ചെയ്തു. സംശയാസ്പദമായ പ്രവർത്തങ്ങൾ മൂലം ഡൽഹി പൊലീസിന്റെ സ്‌പെഷ്യൽ സെൽ നിരീക്ഷണത്തിലായിരുന്നു ഇവർ.

1959 ൽ ടിബറ്റിൽ നിന്നുള്ള അഭയാർത്ഥികൾക്ക് മജ്‌നു കാ തിലയിൽ താമസിക്കാൻ ഇന്ത്യൻ സർക്കാർ അനുമതി നൽകിയിട്ടുണ്ട്. ഡൽഹി യൂണിവേഴ്സിറ്റിക്ക് സമീപമാണ് ഇത്.

 

Leave a Reply

Your email address will not be published. Required fields are marked *