പൊലീസ് കുത്തഴിഞ്ഞ സംവിധാനമായി; ആഭ്യന്തര വകുപ്പ് ദയനീയ പരാജയമെന്ന് കെ.സുരേന്ദ്രൻ
പൊലീസ് കുത്തഴിഞ്ഞ സംവിധാനമായെന്ന് ബിജെപി സംസ്ഥാന അധ്യക്ഷൻ കെ.സുരേന്ദ്രൻ. ആഭ്യന്തര വകുപ്പ് ദയനീയ പരാജയം. പിണറായി ആഭ്യന്തരം ഒഴിയണമെന്നും സുരേന്ദ്രൻ പറഞ്ഞു.
മതഭീകരവാദികൾക്ക് മുമ്പിൽ കേരളം കീഴടങ്ങില്ല. നരേന്ദ്രമോദിയും അമിത്ഷായും കേന്ദ്രത്തിൽ അധികാരത്തിലിരിക്കുന്ന കാലത്തോളം കേരളം കീഴടക്കാൻ പോപ്പുലർഫ്രണ്ടിന് സാധിക്കില്ല. കേരളത്തിൽ രക്തച്ചൊരിച്ചിലുണ്ടാക്കാനുള്ള ആസൂത്രിതമായ നീക്കമാണ് മതഭീകരവാദികൾ നടത്തിയത്. വലിയ കലാപത്തിനായിരുന്നു പിഎഫ്ഐ ശ്രമിച്ചത്. എന്നാൽ കേന്ദ്രസർക്കാർ കൃത്യമായ സമയത്ത് അവരെ നിരോധിച്ചു. ജന്മുകാശ്മീരിൽ മതഭീകരവാദികളെ അടിച്ചൊതുക്കിയിട്ടുണ്ടെങ്കിൽ കേരളത്തിലും അവരെ അമർച്ച ചെയ്യാൻ ബിജെപി സർക്കാരിന് സാധിക്കും. സിപിഐഎമ്മും കോൺഗ്രസും ലീഗും നിരോധിക്കപ്പെട്ട സംഘടനയുടെ ആളുകളെ തങ്ങളുടെ കൂടെ കൂട്ടാൻ മത്സരിക്കുകയാണ്. പകൽ സിപിഐഎമ്മിന് വേണ്ടി പ്രവർത്തിക്കുന്നവരാണ് രാത്രി പിഎഫ്ഐക്ക് വേണ്ടി പ്രവർത്തിക്കുന്നത്. തെരഞ്ഞെടുപ്പ് കാലത്തവർക്ക് ഇടതുപക്ഷത്തിന് വേണ്ടിയും വോട്ട് മുസ്ലിം ലീഗിന് വേണ്ടിയും ചെയ്യുന്നവരാണ് ഈകൂട്ടരെന്നും കെ.സുരേന്ദ്രൻ പറഞ്ഞു.
മയക്കുമരുന്ന്- ലഹരിമാഫിയകൾ പ്രവർത്തിക്കുന്നത് മതഭീകരവാദത്തിന് വേണ്ടിയാണ്. കേരളത്തിലേക്ക് മയക്കുമരുന്ന് കയറ്റി അയക്കുന്നത് ഭീരവാദികളാണ്. എന്നാൽ പിണറായി സർക്കാർ ഇവർക്കെതിരെ ചെറുവിരലനക്കുന്നില്ല. നാല് വോട്ടിന് വേണ്ടി കേരളത്തിലെ മതേതര പാർട്ടികൾ മതതീവ്രവാദികളുടെ പടിക്കൽ ഓച്ഛാനിച്ച് നിൽക്കുകയാണ്.
വിദേശയാത്ര നടത്തി ഉല്ലസിക്കുകയല്ലാതെ മുഖ്യമന്ത്രിയുടെ വിദേശയാത്ര കൊണ്ട് ഒരു ഗുണവുമില്ല. വിദേശയാത്രയെ കുറിച്ചുള്ള പിണറായി വിജയന്റെ അവകാശവാദങ്ങൾ എല്ലാം പരിഹാസ്യമാണ്. കേരളത്തിലെ ജനങ്ങളെ പറ്റിക്കുകയാണ് പിണറായി വിജയന്റെ ഏക പണി. കേന്ദ്രസർക്കാരിന്റെ പദ്ധതികൾ സ്വന്തം പേരിലാക്കി ക്രെഡിറ്റ് അടിച്ചുമാറ്റാൻ മാത്രമേ മുഖ്യമന്ത്രിക്ക് അറിയൂ. നാളെ 75,000 പേർക്കാണ് പ്രധാനമന്ത്രി ജോലി നൽകുന്നത്. 2024ന് മുമ്പ് 10 ലക്ഷം പേർക്കാണ് മോദി സർക്കാർ ജോലി നൽകുക. എന്നാൽ മുഖ്യമന്ത്രി ലണ്ടനിൽ 3,000 പേർക്ക് ജോലി കൊടുക്കുമെന്നാണ് പറയുന്നതെന്നും സുരേന്ദ്രൻ പരിഹസിച്ചു.
കൊവിഡ് കാലത്ത് കേരളത്തെ പട്ടിണിയിൽ നിന്നും രക്ഷിച്ചത് മോദി സർക്കാരായിരുന്നു. വാക്സിൻ നൽകിയതും കൊവിഡ് പ്രതിരോധ സാമഗ്രികൾ നൽകിയതും മോദി സർക്കാരാണ്. എന്നാൽ കൊവിഡ് സമയത്ത് പിപിഇ കിറ്റിന്റെയും മറ്റ് സാമഗ്രികളുടേയും പേരിൽ അഴിമതി നടത്തിയതാണ് സംസ്ഥാന സർക്കാരിന്റെ നേട്ടം. എൻഡോസൾഫാൻ ബാധിതരെ അപമാനിച്ച സി.എച്ച്.കുഞ്ഞമ്പു മാപ്പ് പറയണം. കേരളത്തെ സിപിഐഎം പൂർണമായും തകർത്തിരിക്കുകയാണ് ഇടതുസർക്കാരെന്നും കെ.സുരേന്ദ്രൻ കുറ്റപ്പെടുത്തി.