‘2014 ന് മുമ്പ് അഴിമതികളുടെ ഒരു യുഗം ഉണ്ടായിരുന്നു’; കോൺഗ്രസിനെതിരെ പ്രധാനമന്ത്രി
കോൺഗ്രസിനെതിരെ ആഞ്ഞടിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദി. 2014ന് മുമ്പ് രാജ്യത്ത് അഴിമതിയുടെയും കുംഭകോണങ്ങളുടെയും ഒരു യുഗമായിരുന്നുവെന്ന് വിമർശനം. പാവപ്പെട്ടവരുടെ അവകാശങ്ങളും പണവും കൊള്ളയടിച്ചു. എന്നാൽ ഇപ്പോൾ ഓരോ ചില്ലിക്കാശും പാവപ്പെട്ടവരുടെ ബാങ്ക് അക്കൗണ്ടുകളിൽ നേരിട്ട് എത്തുന്നുണ്ടെന്നും മോദി.
മധ്യപ്രദേശ് തലസ്ഥാനമായ ഭോപ്പാലിലെ മുഖ്യമന്ത്രി റൈസ് ഗവൺമെന്റ് മഹാത്മാഗാന്ധി ഹയർസെക്കൻഡറി സ്കൂളിൽ പുതുതായി നിയമിതരായ അധ്യാപകരുടെ പരിശീലന-ഓറിയന്റേഷൻ പരിപാടിയെ അഭിസംബോധന ചെയ്യുകയായിരുന്നു പ്രധാനമന്ത്രി. അഞ്ച് വർഷത്തിനിടെ 13.50 കോടി ഇന്ത്യക്കാർ ബിപിഎൽ (ദാരിദ്ര്യരേഖയ്ക്ക് താഴെ) വിഭാഗത്തിൽ നിന്ന് പുറത്ത് വന്നതായി നിതി ആയോഗ് റിപ്പോർട്ട് ഉദ്ധരിച്ച് മോദി പറഞ്ഞു.
നികുതിദായകരുടെ എണ്ണം വർധിച്ചതായാണ് കണക്കുകൾ. സർക്കാരിലുള്ള ജനങ്ങളുടെ വിശ്വാസമാണ് ഇത് തെളിയിക്കുന്നത്. കഴിഞ്ഞ ഒമ്പത് വർഷത്തിനിടെ ഇന്ത്യക്കാരുടെ ശരാശരി വരുമാനം വർധിച്ചതായി ആദായ നികുതി റിട്ടേൺ ഡാറ്റ വ്യക്തമാക്കുന്നു. 2014ൽ 4 ലക്ഷം രൂപയായിരുന്നത് ഇപ്പോൾ 14 ലക്ഷം രൂപയായി ഉയർന്നു. താഴ്ന്ന വിഭാഗത്തിൽ നിന്ന് ഉയർന്ന വരുമാനമുള്ള വിഭാഗങ്ങളിലേക്ക് ആളുകൾ എത്തിയിരിക്കുന്നുവെന്നും മോദി.