സർക്കാരിന്റെ അനാസ്ഥയിൽ മടുത്തു; കുഴികൾ നികത്താൻ 2.7 ലക്ഷം രൂപ വായ്പയെടുത്ത് ബെംഗളൂരു ടെക്കി
കുഴികൾ നികത്തുന്നതുൾപ്പെടെ മെച്ചപ്പെട്ട നാഗരിക സൗകര്യങ്ങൾ നൽകാനുള്ള സർക്കാരിന്റെ അനാസ്ഥയിൽ മടുത്തു ‘സിറ്റിസൺസ് ഗ്രൂപ്പ്, ഈസ്റ്റ് ബെംഗളൂരു’ ഞായറാഴ്ച വസ്തുനികുതി അടയ്ക്കുന്നത് ബഹിഷ്‌കരിക്കാനുള്ള ‘നോ ഡെവലപ്‌മെന്റ് നോ ടാക്സ്’ എന്ന കാമ്പെയ്‌ൻ ആരംഭിച്ചു. ഹാലനായകനഹള്ളി, മുനേശ്വര ലേഔട്ട്, ചൂഡസാന്ദ്ര എന്നിവിടങ്ങളിലെ 6 കിലോമീറ്റർ ഭാഗത്ത് കുഴികൾ പരിഹരിക്കാൻ കഴിഞ്ഞയാഴ്ച ഗ്രൂപ്പിലെ അംഗങ്ങൾ ഒത്തുചേർന്ന് ഫണ്ടും നൽകി. ഗ്രൂപ്പിന്റെ സ്ഥാപക അംഗമായ ആരിഫ് മുദ്ഗൽ എന്ന 32 കാരനായ ടെക്കി ഇതിനായി ഇപ്പോൾ 2.7 ലക്ഷം രൂപ വായ്പയെടുത്തിരിക്കുകയാണ്.
കുറച്ച് ദിവസങ്ങൾക്ക് മുമ്പ് ഹോസ റോഡിൽ നടന്ന രണ്ട് അപകടങ്ങൾക്ക് താൻ സാക്ഷ്യം വഹിച്ചതായും സർക്കാരിന്റെ അനാസ്ഥയിൽ പ്രതിഷേധം അറിയിക്കുന്നതായും മുദ്ഗൽ ടൈംസ് ഓഫ് ഇന്ത്യയോട് പറഞ്ഞു. “എന്റെ അപ്പാർട്ട്മെന്റിന് സമീപം താമസിക്കുന്ന ഒരു സ്ത്രീക്ക് പരിക്കേറ്റു. അവർ സഞ്ചരിച്ചിരുന്ന ഓട്ടോ ഹൊസ റോഡിലെ കുഴിയിൽ വീണതിനെ തുടർന്ന് മറിയുകയായിരുന്നു. കൂടാതെ ഇ-കൊമേഴ്‌സ് സ്ഥാപനത്തിലെ ഒരു ഡെലിവറി ഏജന്റിനും സമാനമായ അപകടം നടന്നു. അദ്ദേഹത്തിന്റെ കാലിന് ഒടിവുണ്ടായി. മാണ്ഡ്യയിൽ നിന്നുള്ളയാളാണെന്നും ഒമ്പതംഗ കുടുംബത്തിന്റെ ഏക വരുമാനക്കാരനാണെന്നും അറിയാനിടയായി. ഇതെല്ലാം തന്നെ ഏറെ അസ്വസ്ഥനാക്കുന്നുണ്ട്” എന്നും മുദ്ഗൽ പറഞ്ഞു.
അദ്ദേഹവും കുറച്ച് ആളുകളും ചേർന്ന് അഞ്ച് വർഷം മുമ്പ് ‘സിറ്റിസൺസ് ഗ്രൂപ്പ്, ഈസ്റ്റ് ബെംഗളൂരു’ സ്ഥാപിച്ചത്. “ഗ്രൂപ്പിലെ മറ്റ് അംഗങ്ങളും ചേർന്ന് പണം സ്വരൂപിച്ചാണ് റോഡിലെ ചില കുഴികൾ അടച്ചത്. എന്നാൽ ഞങ്ങളുടെ ഫണ്ട് തീർന്നു. അതിനാൽ ഞാൻ ഒരു ലോൺ എടുത്തു.” മെച്ചപ്പെട്ട റോഡുകളും ഡ്രെയിനുകളും മറ്റ് നാഗരിക സൗകര്യങ്ങളും ആവശ്യപ്പെട്ട് പ്രദേശത്തെ ജനപ്രതിനിധികളെ പലതവണ കണ്ടെങ്കിലും ആരും പ്രതികരിച്ചില്ലെന്ന് സംഘത്തിലെ അംഗമായ മിഥിലേഷ് കുമാർ പറഞ്ഞു.
“ഈ പ്രദേശങ്ങളിൽ താമസിക്കുന്നവർ മറ്റ് സംസ്ഥാനങ്ങളിൽ നിന്നോ സ്ഥലങ്ങളിൽ നിന്നോ ഉള്ളവരാണെന്ന് എന്നാണ് പ്രതിനിധികൾ കരുതുന്നത്. അതിനാൽ ഇതിനെതിരെ പ്രതിഷേധിച്ച് ഞായറാഴ്ച ഞങ്ങൾ വസ്തുനികുതി ബഹിഷ്‌കരണ കാമ്പയിൻ ആരംഭിച്ചു ”. ‘NoDevelopmentNoTax’ എന്ന ഹാഷ്‌ടാഗോടെ X (മുമ്പ് Twitter) യിൽ ആരംഭിച്ച കാമ്പയിനിന് ഇതുവരെ മികച്ച പ്രതികരണമാണെന്നും മുദ്ഗൽ പറഞ്ഞു.