വ്യാജ വാർത്തകൾ രാജ്യത്തിന് ഭീഷണി, പ്രചരിപ്പിക്കും മുമ്പ് 10 തവണ ചിന്തിക്കുക’; പ്രധാനമന്ത്രി
വ്യാജ വാർത്തകൾക്കെതിരെ പ്രധാനമന്ത്രി നരേന്ദ്ര മോദി. ഒരൊറ്റ വ്യാജവാർത്ത മതി രാജ്യത്ത് ആശങ്ക പടരാൻ. ഇത്തരം സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിന് മുമ്പ് വസ്തുതകൾ പരിശോധിക്കണം. വ്യാജ വാർത്തകളും സന്ദേശങ്ങളും തടയാൻ സാങ്കേതിക മുന്നേറ്റം ആവശ്യമാണെന്നും പ്രധാനമന്ത്രി. ഹരിയാനയിലെ സുരജ്കുണ്ഡിൽ നടക്കുന്ന ദ്വിദിന ചിന്തൻ ശിബിരത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
സോഷ്യൽ മീഡിയയെ വിലകുറച്ച് കാണാനാകില്ല. ചെറിയ തോതിലുള്ള വ്യാജവാർത്തകൾ രാജ്യത്ത് വലിയ കോളിളക്കം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പറഞ്ഞു. സന്ദേശങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കിടുന്നതിന് മുമ്പ് മുമ്പ് 10 തവണ ചിന്തിക്കണം. തെറ്റായ വാർത്തകളുടെ വലയിൽ കുടുങ്ങി ആളുകൾ പലപ്പോഴും തെറ്റിദ്ധാരണകൾക്ക് ഇരയാകുന്നു.
വസ്തുതകൾ മാത്രം പങ്കിടാൻ പൗരന്മാർ ശ്രദ്ധിക്കണം. സ്ഥിരീകരിച്ച ഉറവിടത്തിൽ നിന്നുള്ള വാർത്തകൾ പങ്കിടുന്നത് തെറ്റായ വിവരങ്ങൾ മറ്റുള്ളവരിലേക്ക് എത്താനുള്ള സാധ്യത കുറയ്ക്കുന്നു. മുൻകാലങ്ങളിൽ തൊഴിൽ സംവരണത്തെക്കുറിച്ചുള്ള വ്യാജവാർത്തകൾ മൂലം ഇന്ത്യ അഭിമുഖീകരിക്കേണ്ടി വന്ന നഷ്ടങ്ങൾ പ്രധാനമന്ത്രി മോദി ഓർമിപ്പിച്ചു.