മണ്ണുത്തി ദേശീയപാതയിലെ കുഴികൾ 48 മണിക്കൂറിനകം അടയ്ക്കണം; തൃശൂർ ജില്ലാകളക്ടർ ദേശീയപാത അതോറിട്ടിക്ക് നോട്ടീസ് നൽകി
മണ്ണുത്തി ദേശീയ പാതയിലെ കുഴികൾ 48 മണിക്കൂറിനകം അടയ്ക്കണമെന്ന് ചൂണ്ടിക്കാട്ടി തൃശൂർ ജില്ലാ കളക്ടർ ദേശീയപാത അതോറിട്ടിക്ക് നോട്ടീസ് നൽകി. കുഴികൾ അടച്ചുവെന്ന് ഉറപ്പ് വരുത്തിയ ശേഷം നോട്ടീസിന് മറുപടി നൽകാനാണ് നിർദേശം. ദേശീയപാതയിൽ നടത്തിയ പരിശോധനയുമായി ബന്ധപ്പെട്ട റിപ്പോർട്ട് കളക്ടർ ഹരിത വി കുമാർ ഹൈക്കോടതിക്ക് കൈമാറി.
ദേശീയപാതയിലെ കുഴികളിൽ വീണ് അപകടങ്ങൾ തുടർച്ചയായ പശ്ചാത്തലത്തിലാണ് ഹൈക്കോടതിയുടെ ഇടപെടലുണ്ടായത്. കഴിഞ്ഞ ദിവസം കലക്ടർ ഹരിത വി കുമാർ ദേശീയ പാതയിൽ പരിശോധന നടത്തിയിരുന്നു. കരാർ കമ്പനിയുടെ ഭാഗത്തു നിന്നുള്ള ഗുരുതര വീഴ്ചകൾ ചൂണ്ടിക്കാട്ടിയുള്ള റിപ്പോർട്ട് ആണ് കലക്ടർ ഹൈക്കോടതിയിൽ സമർപ്പിച്ചത്. കമ്പനിയെ കരിമ്പട്ടികയിൽ പെടുത്താനുള്ള നടപടികളുമായി മുന്നോട്ടു eപാവുകയാണെന്നും റിപ്പോർട്ടിൽ പരാമർശമുണ്ട്.
വിശദ റിപ്പോർട്ട് നൽകാൻ കൂടുതൽ സമയവും കളക്ടർ ആവശ്യപ്പെട്ടിട്ടുണ്ട്. 48 മണിക്കൂറിനുള്ളിൽ പാതയിലെ കുഴിയടക്കണമെന്നും ഇതുമായി ബന്ധപ്പെട്ട പുരോഗതി റിപ്പോർട്ട് നൽകണമെന്നും കലക്ടർ NHAIയോട് ആവശ്യപ്പെട്ടു. അതേ സമയം ദേശീയ പാതയിൽ നിലവിൽ നടക്കുന്ന കുഴയടയ്ക്കൽ പ്രഹസനമാണെന്ന ആരോപണവും ഉയരുന്നുണ്ട്.