മഴയത്ത് എം സി റോഡിൽ കുഴിയടയ്ക്കൽ’; പ്രഹസനവുമായി പൊതുമരാമത്ത് വകുപ്പ്
മഴയത്ത് റോഡിലെ കുഴിയടച്ച് പൊതുമരാമത്ത് വകുപ്പ്. മഴയത്ത് റോഡിലെ കുഴിയടച്ചെങ്കിലും കോൺക്രീറ്റ് ഒലിച്ചുപോയി വീണ്ടും കുഴിയായി. കാലടി പെരുമ്പാവൂർ എം സി റോഡിലാണ് പൊതുമരാമത്ത് വകുപ്പിന്റെ കുഴിയടയ്ക്കൽ പ്രഹസനം. കഴിഞ്ഞ ദിവസം നെടുമ്പാശേരി അത്താണിയിൽ റോഡിലെ കുഴിയിൽ വീണ് ഒരാൾ മരിച്ചിരുന്നു.
രാവിലെ ശക്തമായ മഴ പെയ്‌തിരുന്നു ആ സമയത്താണ് പൊതുമരാമത്ത് വകുപ്പിന്റെ പ്രഹസന കുഴിയടയ്ക്കൽ. വലിയ കുഴികൾ അടയ്ക്കുകയും സമീപമുണ്ടായിരുന്ന ചെറിയ കുഴികൾ അടയ്ക്കാതെ പോകുകയുമായിരുന്നു. നാട്ടുകാരുടെ ഭാഗത്ത് നിന്നും പ്രതിഷേധം ഉണ്ടായിട്ടും ഒരു തരത്തിലുള്ള ഇടപെടലുമില്ല. ബന്ധപ്പെട്ട അധികാരികൾ വേണ്ട രീതിയിലുള്ള നടപടിയെടുക്കുന്നില്ലെന്നും നാട്ടുകാർ പറഞ്ഞു.
മഴക്കാലത്തിന് മുൻപ് റോഡുകളിലെ പൊതുമരാമത്ത് പണികൾ നടന്നിട്ടില്ലെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ പറഞ്ഞു. കുഴിയടയ്ക്കാൻ തയ്യാറായില്ലെങ്കിൽ ടോൾ പിരിവ് നിർത്തിവയ്ക്കണമെന്ന് വി ഡി സതീശൻ വ്യക്തമാക്കി. വിഷയത്തിൽ കേന്ദ്രത്തെ വിമർശിക്കുന്ന മന്ത്രിയുടെ പരാമർശം പരിഹാസ്യമെന്ന് അദ്ദേഹം പറഞ്ഞു.