കേന്ദ്രമന്ത്രിമാർ പടം എടുത്ത് പോയാൽ പോര,ദേശീയപാതകളിലെ കുഴികൾ കൂടി എണ്ണണം-മന്ത്രി മുഹമ്മദ് റിയാസ്
തിരുവനന്തപുരം : കേന്ദ്ര മന്ത്രിമാരെ പരിഹസിച്ച് പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ്. പൂർത്തിയാകാറായ പദ്ധതികൾക്ക് മുന്നിൽ നിന്ന് പടമെടുത്ത് പോകുന്ന കേന്ദ്ര മന്ത്രിമാർ ദേശീയ പാതയിലെ കുഴികൾ കൂടി എണ്ണണമെന്ന് മന്ത്രി മുഹമ്മദ് റിയാസ് നിയമസഭയിൽ പറഞ്ഞു. കേരളത്തിൽ ജനിച്ച് വളർന്ന ഒരു കേന്ദ്രമന്ത്രിയുണ്ട്. അദ്ദേഹം നടത്തുന്ന വാർത്താ സമ്മേളനങ്ങളേക്കാൾ കുഴികൾ ദേശീയ പാതയിലുണ്ട്.പലതവണ പരാതി പറഞ്ഞിട്ടും ഫലമുണ്ടായില്ലെന്നും മന്ത്രി പറഞ്ഞു
ദേശീയ പാത വികസനത്തിന് ഭൂമി ഏറ്റെടുക്കാൻ 25 ശതമാനം തുകയാണ് കേരളം നൽകിയത്. ഇന്ത്യയിലെ മറ്റൊര് സംസ്ഥാനവും തയ്യാറാകാത്ത കാര്യമാണിതെന്നും പൊതുമരാമത്ത് മന്ത്രി മുഹമ്മദ് റിയാസ് പറഞ്ഞു .എല്ലാവരെയും ഉൾക്കൊള്ളിച്ചു കൊണ്ടാണ് വികസന പദ്ധതികളുമായി മുന്നോട്ടുപോകുന്നത്. വികസനത്തിന്‍റെ എവർറോളിംഗ് ട്രോഫി ആഗ്രഹിച്ചല്ല ഇതെന്നും പൊതുമരാമത്ത് മന്ത്രി പറഞ്ഞു.
അതേസമയം ദേശീയ പാത വികസനം നടക്കുന്നു എന്നത് ഒരു യാഥാർഥ്യമാണെന്ന് പ്രതിപക്ഷ നേതാവ് വി.ഡി.സതീശൻ പറഞ്ഞു. ഭൂമി നഷ്ടമാകുന്നവർക്ക് അർഹമായ നഷ്ടപരിഹാരം ഉറപ്പാക്കിയത് യുപിഎ സർക്കാർ ആണ്.ദേശീയ പാത വികസനത്തിൽ പ്രതിപക്ഷം സഹകരിക്കുമ്പോൾ മന്ത്രി പ്രകോപനം സൃഷ്ടിക്കുന്നത് ശരിയല്ലെന്നും വി.ഡി. സതീശൻ പറഞ്ഞു.
ഇതിനിടെ വി.ഡി.സതീശനെതിരെ ഒളിയമ്പുമായി മന്ത്രി മുഹമ്മദ് റിയാസ് രംഗത്തെത്തി. കേന്ദ്രത്തെ താൻ വിമർശിക്കുമ്പോൾ സഭയിൽ ബിജെപി പ്രതിനിധി ഉണ്ടായിരുന്നെങ്കിൽ അവർക്ക് പ്രകോപനം ഉണ്ടാകുമെന്ന് മുഹമ്മദ് റിയാസ് പറഞ്ഞു. അവരില്ലാത്ത സഭയിൽ മറ്റുള്ളവർക്ക് എങ്ങനെ പ്രകോപനം ഉണ്ടായെന്ന് റിയാസ് ചോദിച്ചു. പ്രകോപനം ഉണ്ടായാൽ തനിക്കൊന്നും ചെയ്യാനില്ലെന്നും മുഹമ്മദ് റിയാസ് പറഞ്ഞു.
മന്ത്രി പ്രകോപിപ്പിക്കാതെ കാര്യം പറയണമായിരുന്നു എന്നും പ്രതിപക്ഷ നേതാവ് പറഞ്ഞു.കേന്ദ്രത്തെ വിമർശിക്കുമ്പോൾ എന്തിന് മറ്റുചിലർ പ്രകോപിതരാകുന്നത് എന്തിനാണെന്ന് ആയിരുന്നു മുഹമ്മദ് റിയാസിന്‍റെ ചോദ്യം. വിഡി സതീശൻ ആർഎസ്എസ് പരിപാടിയിൽ പങ്കെടുത്തെന്ന വിവാദം നിലനിൽക്കെയാണ് ഈ പരാമർശം